tharnna-service-road

പ്രളയത്തിൽ തകർന്ന ദേശീയപാതാ സർവീസ് റോഡ്‌

കൊടകര: മഹാപ്രളയം കഴിഞ്ഞ് ഒമ്പതുമാസത്തോളമായിട്ടും തകർന്ന ദേശീയപാത പുനർനിർമ്മിക്കാൻ തയ്യാറാവാതെ ടോൾപ്ലാസ അധികൃതർ. കൊളത്തൂരിൽ 200 മീറ്ററോളം തകർന്ന റോഡ് പുനർമിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഇനിയും നടപടിയായിട്ടില്ല. തകർന്ന സർവീസ് റോഡിലൂടെ വാഹനങ്ങൾക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം റോഡ് ക്ലോസ്ഡ് എന്ന ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ അപകടഭീഷണിയിലാണ് ഭാരമേറിയ വാഹനങ്ങൾ സർവീസ് റോഡിലൂടെ പോകുന്നത്. കൂടാതെ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുകയും ഭക്ഷണമാലിന്യങ്ങൾ റോഡരികിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. കുറുമാലിപ്പുഴ കവിഞ്ഞൊഴുകി തകർന്ന സർവീസ് റോഡിന്റെ വശങ്ങളിലെ മണ്ണ് ഒലിച്ചു പോയതിനാൽ വലിയ താഴ്ചയാണ് ഇവിടെയുള്ളത്.

രണ്ട് കുടുംബങ്ങൾക്ക് അവരുടെ വീട്ടിലേക്ക് പ്രവേശിച്ചിരുന്ന റോഡും ഇതിനൊപ്പം ഒലിച്ചുപോയി. കൊളത്തൂർ നെടുംപറമ്പിൽ ശശിയും നെടിയംപറമ്പത്ത് സതീശനുമാണ് ദുരിതമായിരിക്കുന്നത്. നിരവധി തവണ ആവശ്യപ്പട്ടിട്ടും റോഡ് നന്നാക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് വിവിധയിടങ്ങളിൽ പരാതിപ്പെട്ടിരുന്നു. എങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പറയുന്നു. താൽക്കാലിക പാലത്തിലൂടെയാണ് ഇപ്പോൾ ഇവരുടെ സഞ്ചാരം. ഈ കുടുംബങ്ങളിലെ വയോധികർക്കും കുട്ടികൾക്കുമടക്കം വീട്ടിലെത്തണമെങ്കിൽ താൽക്കാലിക പാലം മാത്രമാണ് ഏക ആശ്രയം. വാഹനങ്ങൾ വീട്ടിലേക്ക് എത്തിക്കാൻ സാധിക്കാത്തതിന്റെ ദുരിതവും ഇവർക്കുണ്ട്. എത്രയും വേഗം അപകടാവസ്ഥയിലുള്ള പാലം മാറ്റി റോഡ് പുനർനിർമ്മിച്ച് വീട്ടിലേക്ക് സുഗമമായി പോകാനുള്ള സാഹചര്യം ഒരുക്കിതരണമന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. തകർന്ന റോഡ് പുനനിർമിക്കാൻ വൈകുന്നത് ബലക്ഷയം ഉണ്ടാകാൻ ഇടവരുത്തുമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു.