ചാവക്കാട്: കോസ്റ്റൽ പൊലീസിന്റെ മുന്നറിയിപ്പ് വക വയ്ക്കാതെ മുനയ്ക്കകടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്നും മത്സ്യ ബന്ധന ബോട്ടുകൾ കടലിൽ പോയതായി വിവരം ലഭിച്ചു. മൂന്ന് ബോട്ടുകളാണ് പുലർച്ചെ മത്സ്യ ബന്ധനത്തിനായി കടലിൽ പോയത്. ഇത് സംബന്ധിച്ച് കോസ്റ്റൽ പൊലീസ് അന്വേഷണം തുടങ്ങി. തിരമാലകളും, കാറ്റും കടലിനെ പ്രക്ഷുബ്ധമാക്കാൻ സാദ്ധ്യത ഉള്ളതിനാൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും കടലിൽ പോകരുതെന്ന് മുനയ്ക്കകടവ് കോസ്റ്റൽ പൊലീസ് കഴിഞ്ഞ ദിവസം വാഹനത്തിൽ ഉച്ച ഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഓഖി ചുഴലി കാറ്റ് ദുരന്തം വിതച്ച സമയത്തും ഇവിടെ നിന്നും പൊലീസ് മുന്നറിയിപ്പ് മുഖ വിലക്കെടുക്കാതെ ചില ബോട്ടുകൾ മത്സ്യ ബന്ധനത്തിന് പോയിരുന്നു. അന്ന് മുന്നറിയിപ്പ് ലംഘിച്ച ബോട്ടുകാർക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് ഫിഷറീസ് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. അന്ന് നടപടി എടുക്കാതിരുന്നതാണ് വീണ്ടും മുന്നറിയിപ്പ് ലംഘിക്കാൻ ഇക്കൂട്ടർക്ക് പ്രേരണയായതെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്നും, നാളെയും മണിക്കൂറിൽ 30 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും മേയ് ഒന്ന് വരെ കനത്ത മഴ പെയ്യാനും സാദ്ധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ള മുന്നറിയിപ്പ്..