kandainer-lorry
നിഷാദ്

ചാവക്കാട്: കാൽനട യാത്രികനെ ഇടിച്ച് വീഴ്ത്തി നിറുത്താതെ പോയ കണ്ടെയ്‌നർ ലോറി കണ്ടെത്താൻ പൊലീസിന് സഹായകമായത് നിഷാദിന്റെ മിടുക്ക്. ചാവക്കാട് കടലോര ജാഗ്രത സമിതി അംഗവും, ടോട്ടൽ കെയർ ആംബുലൻസ് ഡ്രൈവറുമായ ചാവക്കാട് സ്വദേശി നിഷാദ് ബ്ലാങ്ങാടാണ് ഈ മിടുക്കൻ. സംഭവം ഇങ്ങനെ. ഇക്കഴിഞ്ഞ 12ന് പുലർച്ചെ 4.40ന് വാടാനപ്പിള്ളി ചിലങ്ക ജംഗ്ഷനിൽ കാൽനട യാത്രികനായ തളിക്കുളം എടശ്ശേരി ചെമ്പനാടൻ വീട്ടിൽ ചന്ദ്രനെ ഇടിച്ചിട്ട് അജ്ഞാത വാഹനം നിറുത്താതെ പോയി. അബോധാവസ്ഥയിൽ റോഡരികിൽ കിടന്ന ചന്ദ്രനെ സതീഷ് എന്നയാൾ ഉടനെ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ വാടാനപ്പള്ളി പൊലിസ് ഇടിച്ച വാഹനം കണ്ടെത്താൻ ശ്രമം ആരംഭിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇടിച്ച ലോറിയുടെ നമ്പറോ പേരോ വ്യക്തമായിരുന്നില്ല. ചുറ്റും റിഫക്ടർ സ്റ്റിക്കർ പതിച്ചത് മാത്രമായിരുന്നു അടയാളം. മുമ്പ് വിദ്യാർത്ഥിയെ ഇടിച്ചു വീഴ്ത്തി നിറുത്താതെ പോയ വാഹനം കണ്ടെത്താൻ നിഷാദ് സഹായിച്ചിരുന്നു. തുടർന്ന് വാടാനപ്പിള്ളി സ്റ്റേഷനിലെ സി.പി.ഒ മാർട്ടിനും നിഷാദും ചേർന്ന് കണ്ടയ്‌നർ ലോറി കണ്ടെത്താനുള്ള ശ്രമം തുടങ്ങി. വല്ലാർപ്പാടത്ത് കണ്ടയ്‌നർ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന സുഹൃത്തിന് വാഹനത്തിന്റെ ഫോട്ടോ അയച്ചു നൽകി. ലോറിക്ക് ചുറ്റും നീളത്തിൽ പതിച്ച റിഫ്‌ളക്ടർ സ്റ്റിക്കർ പതിച്ച ലോറി കണ്ടെത്താനായിരുന്നു ശ്രമം. എറണാകുളത്തെ ഒരു കമ്പനിയുടെ ഒമ്പത് കണ്ടയ്‌നർ ലോറികളിൽ മൂന്നു ലോറികൾ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തി. അപകടം നടന്ന ദിവസം പുലർച്ചെ 4.40ന് ഒരു ലോറി വാടാനപ്പിള്ളി കടന്നതായി കണ്ടെത്തി. ജി.പി.ആർ.എസ് പരിശോധിച്ചപ്പോൾ അപകടം വരുത്തിയ ലോറി ഇതാണെന്ന് ഉറപ്പിച്ചു. ചന്ദ്രനെ ഇടിച്ചു വീഴ്ത്തിയത് അറിഞ്ഞിട്ടില്ലെന്നാണ് ഡ്രൈവർ നൽകിയ മൊഴി. അശ്രദ്ധയോടെ വാഹനമോടിച്ച് അപകടം വരുത്തിയെന്ന് കാട്ടി ഇയാൾക്കെതിരെ പൊലിസ് കേസെടുത്തു. അതേ സമയം പരിക്കേറ്റ ചന്ദ്രൻ ഇപ്പോഴും അബോധാവസ്ഥയിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലാണ്.