എരുമപ്പെട്ടി: കർഷകർക്ക് ആശ്വാസം നൽകി കൊണ്ട് ആദൂർ കുട്ടിച്ചിറ സംരക്ഷണ പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
വടക്കാഞ്ചേരി മൈനർ ഇറിഗേഷന്റെ കീഴിലുള്ള കുട്ടിച്ചിറ കാർഷിക ജലസേചനത്തിനായി 1979ലാണ് നിർമ്മിച്ചത്. ആദൂർ പുത്തൻതോട്ടിൽ സ്ഥിതി ചെയ്യുന്ന കുട്ടിച്ചിറ കാലപഴക്കം മൂലം തകർന്ന് ഉപയോഗ യോഗ്യമല്ലാതായി തീരുകയായിരുന്നു. ചിറയുടെ ഭിത്തികൾ തകർന്നതിനാൽ കർഷകർ മണൽചാക്കുകൾ ഉപയോഗിച്ച് താൽക്കാലിക തടയണകൾ നിർമ്മിച്ചാണ് വെള്ളം കെട്ടി നിറുത്തിയിരുന്നത്.
കടങ്ങോട് പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും ഉൾപ്പെടുന്ന ഏഴ് പാടശേഖരങ്ങളിലേക്കാണ് കുട്ടിച്ചിറയിൽ നിന്നും വെള്ളം ഉപയോഗിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്.നായരാണ് ചിറയുടെ നവീകരണത്തിനായി പത്ത് ലക്ഷം രൂപ അനുവദിച്ചത്.
ചിറയുടെ സംരക്ഷണ ഭിത്തികളുടെ നിർമ്മാണമാണ് ആദ്യ ഘട്ടത്തിൽ നടത്തുന്നത്. അതേ സമയം നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അടിത്തറ കെട്ടാതെയുള്ള നിർമ്മാണമെന്നാണ് ചിലർ ആക്ഷേപം ഉന്നയിക്കുന്നത്.
എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഉറപ്പോടുകൂടിയാണ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണം നടത്തുന്നതെന്നും പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. കുട്ടിച്ചിറ സംരക്ഷിച്ചാൽ മാത്രമേ മേഖലയിൽ കൃഷി സാധ്യമാവുകയുള്ളൂവെന്നും അതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ തുക അനുവദിക്കാൻ അധികൃതർ തയ്യാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു.