jacktree
നിലനിൽപ്പ് ഭീഷണി നേരിടുന്ന ചാലക്കുടി പഴയ പുത്തുപറമ്പ് മൈതാനയോരത്തെ പ്ലാവ് മുത്തശ്ശിമാർ

ചാലക്കുടി: നിലനിൽപ്പ് ഭീഷണിയിൽ ചരിത്രത്തിന്റെ ഭാഗമായുള്ള പ്ലാവുകൾ. മുനിസിപ്പൽ ജംഗ്ഷന് സമീപം പുത്തുപറമ്പ് മൈതാനിയിലെ അവശേഷിക്കുന്ന രണ്ടു പ്ലാവുകൾ കൂടിയാണ് നിലംപതിക്കുന്ന അവസ്ഥയിലായത്.

ഇവയുടെ ചരിത്രം ചാലക്കുടിയിലെ കായിക ലോകത്തിന്റേതും കൂടിയാണ്. ഒരുകാലത്ത് പ്രശസ്തമായിരുന്ന ഗവ.ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും പിറവിയെടുത്ത അനവധി കായിക താരങ്ങൾക്ക് ഇവിടുത്തെ മരങ്ങൾ ആശ്വാസമായിരുന്നു.

ഇവയുടെ കുളിർക്കാറ്റും ആർദ്രതയും പല പ്രമുഖർക്കും കളിത്തൊട്ടിലായി. പൊരിവെയിലിൽ ഓടിക്കിതച്ചെത്തുന്ന ചാലക്കുടിയുടെ കായിക യൗവ്വനങ്ങൾക്ക് മരമുത്തശ്ശിമാർ താരാട്ടുപാടി. ആയകാലത്തെല്ലാം ആവോളം ഭക്ഷണവും നൽകി. സംസ്ഥാന ഫുട്‌ബാൾ മത്സരങ്ങൾ അടക്കമുള്ള അനവധി മേളകൾ ഈ പ്ലാവിൻ കൊമ്പുകളിലിരുന്ന് ആസ്വദിച്ച മധുരിക്കും ഓർമ്മകൾ മുൻ കായിക താരങ്ങൾ അയവിറക്കുന്നു.

ദേശീയ ബൈപ്പാസിനായി ചാലക്കുടി സ്‌കൂൾ ഗ്രൗണ്ടിനെ നെടുകെ പിളർത്തിയപ്പോൾ ഈ മരങ്ങളുടെ പ്രതാപത്തിനും മങ്ങലേറ്റു. പിന്നീടിവ വഴിയോരത്തെ വിശ്രമ താവളങ്ങളായി. ഇപ്പോൾ സമീപത്തെ ആട്ടോ ഡ്രൈവർമാർക്കാണ് പ്ലാവുകൾ കുളിരേകുന്നത്. എന്നാൽ ഇന്ന് ഇവയുടെ നില അപകടാവസ്ഥയിലാണ്. വേരുകളെല്ലാം പുറത്തുവന്ന് ഏതു നിമിഷവും നിലം പൊത്തുന്ന സാഹചര്യമാണുള്ളത്. പല മരങ്ങളും ഇതിനകം നിലംപൊത്തി. അവശേഷിക്കുന്ന രണ്ടെണ്ണത്തിന്റെ സ്ഥിതിയും മോശമാണ്. നിരവധി കായിക കുതിപ്പുകൾക്ക് മൂകസാക്ഷിയായ ഈ പ്ലാവുകൾ ഓർമ്മയിലേക്ക് ചേക്കാറാൻ തുടങ്ങുമ്പോൾ നൊമ്പരപ്പെടുന്ന മനസുകളും ഏറെയാണ്.