തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാൻ മുഖ്യമന്ത്രിയെ സമീപിക്കാൻ ആനയുടമ ഫെസ്റ്റിവൽ കോ- ഓർഡിനേഷൻ കമ്മിറ്റി സംയുക്ത യോഗത്തിൽ തീരുമാനം. മേയ് പത്തിനകം നടപടികളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കാനും തൃശൂരിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. തെക്കെ ഗോപുരനട തുറക്കുന്നതിന് എഴുന്നെള്ളിക്കാൻ അനുമതി നൽകണമെന്നാണ് യോഗത്തിലെ പ്രധാന ആവശ്യം.
മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയടക്കമുള്ള മറ്റ് മന്ത്രിമാർക്കും നിവേദനം നൽകുന്നതിനും നടപടികൾക്കുമായി കൊച്ചിൻ ദേവസ്വം ബോർഡ് മുൻ അംഗം അഡ്വ. അരുൺകുമാർ കൺവീനറായി പതിനൊന്നംഗ കമ്മിറ്റിയെ രൂപവത്കരിച്ചു. 2012ലെ നാട്ടാന പരിപാലന ചട്ടത്തിൽ ഒരു സ്ഥലത്തും ജില്ലാ ഉത്സവ മോണിറ്ററിംഗ് കമ്മിറ്റിക്ക് ആനകളെ നിരോധിക്കാനുള്ള അധികാരം നൽകിയിട്ടില്ല. ഇല്ലാത്ത തീരുമാനം പറഞ്ഞ് ഉദ്യോഗസ്ഥരെ കൈ പൊക്കി മോണിറ്ററിംഗ് കമ്മിറ്റിയിൽ ഭൂരിപക്ഷ തീരുമാനം എന്ന് പറയുന്നത് ഉദ്യോഗസ്ഥ തീരുമാനം അടിച്ചേൽപ്പിക്കുകയും, കളക്ടർ ഇല്ലാത്ത തീരുമാനം അടിച്ചേൽപ്പിക്കുകയുമാണ്.
തൃശൂർ പൂരം അടക്കമുള്ള ചടങ്ങുകളിലെ ആന എഴുന്നെള്ളിപ്പ് ഇല്ലാതാക്കുവാൻ അനാവശ്യ നിർദ്ദേശങ്ങളും കേസുകളും കൊണ്ട് വന്ന് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണ്. ആനയെ വിലക്കാൻ കളക്ടർക്ക് അധികാരമില്ലെന്നും സർക്കാർ ഇടപെടണമെന്നുമാണ് ആനയുടമകളുടെയും ഫെസ്റ്റിവൽ കോ ഓർഡിനേഷന്റെയും ആവശ്യം. ആനതൊഴിലാളി സംഘടന, ആന ഡെക്കറേഷൻ ഏജന്റ്‌സ് സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.