ചാലക്കുടി: കാടിനകത്ത് മനംകവരും കല്യാണപ്പന്തൽ. പൊകലപ്പാറ ആദിവാസി കോളനിയിലെ കല്യാണപ്പന്തലാണ് കാടിന്റെ മക്കളുടെ കരവിരുതിനാൽ ശ്രദ്ധേയമായത്. ഇവിടുത്തെ ഊരുമൂപ്പൻ സുബ്രഹ്മണ്യന്റെ മകൻ പ്രതീഷിന്റേതായിരുന്നു വിവാഹം. വധു ഇതേ വിഭാഗത്തിൽപ്പെട്ട ആനപ്പാന്തം കോളനിയിലെ സുന്ദരന്റെ മകൾ നന്ദിനിയും. ഈറ്റയായിരുന്നു പന്തൽ നിർമ്മാണത്തിലെ പ്രധാന ഘടകം. വരന്റെ വീടിനരികിൽ പരമ്പരാഗത രീതിയിൽ മനോഹരമായ കല്യാണപ്പന്തൽ ഒരുക്കാൻ കോളനിയിലെ കലാകാരന്മാരെല്ലാം ഒത്തുചേർന്നു. പഴയ സാരികളുടെ വിതാനവും വൈദ്യുത ദീപാലങ്കാരങ്ങളും പന്തലിന് മാറ്റേകി. അതിരപ്പിള്ളി പഞ്ചായത്തിലെ 14 കോളനികളിൽ നിന്നുമുള്ള കാടിന്റെ മക്കളെല്ലാം ചടങ്ങിനെത്തി. ഒപ്പം ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും. പന്തൽ ഒരുക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല, കാര്യങ്ങൾ. ബിരിയാണി അടക്കമുള്ള ഒന്നാന്തരം സദ്യയും എല്ലാവർക്കുമായി ഒരുക്കി.