തൃശൂർ : കഞ്ചാവ് കച്ചവടം ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യത്തിൽ വരടിയത്ത് രണ്ടു പേരെ വെട്ടിക്കൊന്ന കേസിൽ നാലു പ്രതികൾ കൂടി അറസ്റ്റിൽ. തിരുവല്ല നിരണം മുണ്ടനാറി വീട്ടിൽ അബി (31), പീച്ചി നെല്ലിക്കൽ വീട്ടിൽ പ്രിൻസ് തോമാസ് (38) , അമല പുതൂക്കര വീട്ടിൽ മെൽവിൻ (21), ചേറൂർ അടിയാറ വട്ടവിള വീട്ടിൽ ശ്രീജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്.
കഞ്ചാവ് കുടിപ്പകയിൽ ഏപ്രിൽ 23ന് അർദ്ധരാത്രിയാണ് അവണൂർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് ക്രിസ്‌റ്റോ എന്നിവർ അവണൂർ പാറപ്പുറത്ത് കൊല്ലപ്പെട്ടത്. പ്രധാന പ്രതികളായ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ ആകെ എട്ട് പേർ അറസ്റ്റിലായി. അബി എന്ന അജീഷ് സംഭവത്തിൽ നേരിട്ട് പങ്കാളിയും മറ്റുള്ളവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരും, പിക്കപ്പ് വാൻ ഒളിപ്പിച്ചവരുമാണ് . സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച് യതീഷ് ചന്ദ്രയുടെ നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഗുരുവായൂർ എ.സി.പി പി. ബിജുരാജ്, പേരാമംഗലം സി.ഐ എ.എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ ടീമാണ് പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തത്...