ചീഫ് കൺട്രോളറെ ബോദ്ധ്യപ്പെടുത്തിയെങ്കിലും ഫലം കണ്ടില്ല

വീണ്ടും സുപ്രീം കോടതിയിലേക്ക്

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനെ ചൊല്ലിയുണ്ടായ വിലക്ക് ഒഴിവാക്കാനുള്ള നീക്കങ്ങളും, വെടിക്കെട്ടിന് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന നിർദ്ദേശം മറികടക്കാനുള്ള നീക്കങ്ങളും ഫലം കാണാത്തത് തൃശൂർ പൂരത്തെ ആശങ്കയിലാക്കുന്നു. ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന കേന്ദ്ര എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ നിലപാട് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ അപ്പീലുമായി നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കൺട്രോളറെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.
പ്രതിസന്ധി പരിഹരിക്കാൻ ചൊവ്വാഴ്ച ഹർജി ഫയൽ ചെയ്യാനാണ് ദേവസ്വങ്ങളുടെ നീക്കം.
ഇളവുകളോടെ വെടിക്കെട്ടിന് നേരത്തെ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ ശിവകാശിയിലെ എക്‌സ്പ്‌ളോസീവ് ഡെപ്യൂട്ടി കൺട്രോളർ, വെടിക്കെട്ടിൽ ഓലപ്പടക്കമടക്കമുള്ളവയ്ക്ക് അനുമതി നൽകാനാവില്ലെന്ന് അറിയിച്ചു. ഇതോടെയാണ് ഇന്നലെ നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കൺട്രോളറെ സമീപിച്ചത്. എന്നാൽ ചീഫ് കൺട്രോളറുടെ ചുമതല വഹിക്കുന്ന ജോ. കമ്മിഷണറും പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. ഇരു ദേവസ്വങ്ങളുടെയും പ്രതിനിധിയായി പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന്റെ ചുമതല വഹിക്കുന്ന മാനേജിംഗ് കമ്മിറ്റിയംഗം രാജേഷ് ഉണ്ണിയാണ് നാഗ്പൂരിൽ ചീഫ് കൺേട്രാളറുടെ ഓഫീസിലെത്തി, സുപ്രീം കോടതി വിധിയനുസരിച്ച് ഓലപ്പടക്കം ഉപയോഗിച്ച് തന്നെ വെടിക്കെട്ട് നടത്തുന്നതിന് അനുമതി നൽകണമെന്ന അപേക്ഷ നൽകിയത്.

തടസം വന്ന വഴി

ദേവസ്വങ്ങളുടെ അപേക്ഷയിൽ മൂന്ന് ദിവസത്തിനകം എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. നിരോധിത രാസവസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്നും സാമ്പിൾ പരിശോധനയ്ക്ക് നൽകണമെന്നും വിധിച്ചിരുന്നു. ഇതനുസരിച്ച് ഗുണ്ട്, കുഴിമിന്നൽ, അമിട്ട്, ഓലപ്പടക്കം എന്നിവയുടെ സാമ്പിൾ ശിവകാശിയിലെ ലാബിൽ പരിശോധനയ്ക്ക് നൽകിയപ്പോഴാണ് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കൺേട്രാളർ ഉത്തരവ് നൽകിയത്. ഓലപ്പടക്കം നിരോധിച്ച് 2018ൽ സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്നായിരുന്നു നിരോധനത്തിന് കാരണം. എന്നാൽ 2018ലെ സുപ്രീം കോടതി ഉത്തരവ് സുരക്ഷാ സംവിധാനങ്ങളോടെ നടക്കുന്ന പൂരം വെടിക്കെട്ടിന് ബാധകമല്ലെന്നും അക്കാര്യം പരിഗണിച്ച് കൂടിയാണ് സുപ്രീം കോടതി വിധിയെന്നുമാണ് ദേവസ്വങ്ങളുടെ വാദം. വർഷങ്ങളായി വെടിക്കെട്ട് പല കാരണങ്ങളാൽ പ്രതിസന്ധിയിലായിരുന്നു. എങ്കിലും രാഷ്ട്രീയ ഇടപെടലിൽ മുടക്കമില്ലാതെ വെടിക്കെട്ട് നടന്നിരുന്നു. സംസ്ഥാന സർക്കാർ തന്നെ നേരത്തെ തന്നെ ഒരുക്കങ്ങളാരംഭിച്ച് ദേവസ്വങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചായിരുന്നു സുപ്രീംകോടതിയിൽ വ്യക്തതാ ഹർജി നൽകിയതിൽ സർക്കാർ പിന്തുണയറിയിച്ചത്.

പ്രശ്‌നം ഉദ്യോഗസ്ഥർ

''നാഗ്പൂരിൽ എക്‌സ്‌പ്ലോസീവ്‌സ് ചീഫ് കൺട്രോളറെ കണ്ട് എല്ലാം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ വ്യാഖ്യാനങ്ങൾ ഉയർന്നതാണ് പ്രശ്‌നമാകുന്നത്. ചീഫ് കൺട്രോളറിൽ നിന്നും അനുമതി ലഭിക്കുന്നില്ലെങ്കിൽ ദേവസ്വം വീണ്ടും സുപ്രീം കോടതിയെ സമീപിക്കും.''

പ്രൊഫ. എം. മാധവൻകുട്ടി, സെക്രട്ടറി, തിരുവമ്പാടി ദേവസ്വം