തൃശൂർ: ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും പണിമുടക്കിൽ കാത്തലിക് സിറിയൻ ബാങ്ക് പ്രവർത്തനം, രാജ്യവ്യാപകമായി സ്തംഭിച്ചു. പണിമുടക്ക് ഇന്നും തുടരും.
ബാങ്കിലെ 434 ശാഖകളിലായി 3,300 ഉദ്യോഗസ്ഥരിൽ 2,500 പേരും പണിമുടക്കിയതായി പണി മുടക്കിന് ആഹ്വാനം ചെയ്ത സി.എസ്.ബി.എസ്.എഫ് (ബെഫി) ഭാരവാഹികൾ അറിയിച്ചു. തൃശൂരിൽ പണിമുടക്കിയ ജീവനക്കാർ തെക്കെ ഗോപുര നടയിൽ 48 മണിക്കൂർ രാപ്പകൽ കുത്തിയിരിപ്പ് സമരം തുടങ്ങി. സമരം ചൊവ്വാഴ്ച രാത്രി 12 വരെ തുടരും. പണിമുടക്കിയ ഓഫീസർമാരും ജീവനക്കാരും ബാങ്കിന്റെ ഹെഡ് ഓഫീസിൽ കേന്ദ്രീകരിച്ച് തെക്കേ ഗോപുര നടയിലേക്ക് പ്രകടനം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാപ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന സെക്രട്ടറി എസ്.എസ്. അനിലും, ഐ.എൽ.ഒ മെമ്പർ ടി.പി. ഫ്രാങ്കോയും പ്രകടനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഓഫീസർമാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 58 വയസായി വെട്ടിക്കുറച്ച ഏകപക്ഷീയ ഉത്തരവ് പിൻവലിക്കുക, കാലഹരണപ്പെട്ട ഉഭയകക്ഷി വേതനകരാർ പുതുക്കുന്നതിന് അനുമതി നൽകുക, ക്ലറിക്കൽ, സബ് സ്റ്റാഫ് ഒഴിവുകൾ നികത്തുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഞായറാഴ്ച അവധിക്ക് ശേഷം നടന്ന രണ്ട് ദിവസത്തെ പണിമുടക്കിനെ തുടർന്ന് മേയ് ദിനം അവധിയുമായതിനാൽ ബാങ്കിന്റെ പ്രവർത്തനം മൂന്ന് ദിവസം സ്തംഭിക്കും...