തൃശൂർ: കഴിഞ്ഞ സാമ്പത്തിക വർഷം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി സംസ്ഥാനത്ത് മൂവായിരം കോടി രൂപ ചെലവഴിച്ചുവെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഈ സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് സംബന്ധിച്ച് തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കിലയിൽ സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മൊത്തം 975.26 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. ഒരു കുടുംബത്തിന് ശരാശരി 65.97 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനായി. ഈ വർഷം സ്ഥായിയായ ആസ്തികളുടെ നിർമ്മാണത്തിന് മുൻഗണന നൽകി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. പ്രളയത്തിന്റെയും വരൾച്ചയുടെയും സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതി സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി തൊഴിലും സ്ഥായിയായ ജീവനോപാധികളും സൃഷ്ടിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാർ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കില ഡയറക്ടർ ഡോ. ജോയ് ഇളമൺ അദ്ധ്യക്ഷനായി. പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. വിശ്വംഭരപ്പണിക്കർ, സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ മെമ്പർ എസ്. രാജേന്ദ്രൻ, തൊഴിലുറപ്പ് മിഷൻ സംസ്ഥാന കൗൺസിൽ പ്രോഗ്രാം ഓഫീസർ പി. ബാലചന്ദ്രൻ, കോർഡിനേറ്റർ സി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. തൃശൂർ മുതൽ കാസർകോട് വരെയുള്ള പഞ്ചായത്ത് പ്രസിഡന്റുമാർക്കുള്ള പരിശീലനം ചൊവ്വാഴ്ചയാണ്...