തൃശൂർ: അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പേരാമംഗലം പൊലീസ് ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി തന്റെ മകനെ ജയിലിൽ അടച്ചതായി മാതാപിതാക്കളുടെ ആരോപണം. പുറനാട്ടുകര സ്വദേശി പുത്തിശ്ശേരി കുരിയാട്ട് രവീന്ദ്രൻ, ഭാര്യ നിർമ്മലാദേവി എന്നിവരാണ് പൊലീസിനെതിരെ പരാതിപ്പെട്ടത്. മകൻ രാഹുൽ അയൽവാസിയായ പ്രായപൂർത്തിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും എന്നാൽ വീട്ടുകാർ ഇതിനെതിരായിരുന്നുവെന്നും ഇവർ പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ സ്വാധീനത്തിന് വഴങ്ങി യാതൊരു കുറ്റകൃത്യത്തിലും പെടാത്ത മകനെ ജാമ്യം പോലും കിട്ടാത്ത വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. പേരാമംഗലം പൊലീസിന്റെ നടപടിക്കെതിരെ കമ്മിഷണർക്ക് പരാതി നൽകിയിട്ടും യാതൊരു അന്വേഷണവും നടത്തിയില്ലെന്നും ഇവർ ആരോപിക്കുന്നു. ജസ്റ്റിസ് ഫോർ രാഹുൽ കൂട്ടായ്മയുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് മുതുവറയിൽ നിന്ന് പേരാമംഗലം സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും ഇവർ അറിയിച്ചു.