തൃശൂർ: പാവറട്ടി സെന്റ് ജോസഫ്‌സ് തീർത്ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ 143ാം തിരുന്നാൾ മേയ് 10, 11, 12 തിയതികളിൽ ആഘോഷിക്കുമെന്ന് തീർത്ഥകേന്ദ്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേയ് മൂന്നിന് തിരുന്നാളിന് കൊടിയേറും. തിരുനാൾ തലേന്ന് വരെ നവനാൾ ആചരണം നടക്കും. 10ന് രാത്രി 7.30ന് പാവറട്ടി സെന്റ് തോമസ് ആശ്രമം പ്രിയോർ ഫാ. ജോസ് ചിറ്റിലപ്പിള്ളി വൈദ്യുതി ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ നിർവഹിക്കും. തിരുന്നാൾ ദിനമായ ഞായറാഴ്ച ഉച്ചയ്ക്ക് 12 വരെ ഊട്ട് നേർച്ച ഉണ്ടായിരിക്കും.

ഏകദേശം രണ്ടരലക്ഷം പേർ ഊട്ടു നേർച്ചയിൽ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് 5.30ന് ഷംഷാബാദ് രൂപതാ മെത്രാൻ മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ കൂടുതുറക്കൽ ശുശ്രൂഷയും നടക്കും. തിരുന്നാൾ ദിനമായ 12ന് രാവിലെ 10ന് ഫാ. ജോയ് പുത്തൂരിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി നടക്കും. നിയമപരമായി അനുമതി ലഭിച്ചാൽ വെടിക്കെട്ട് സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ തീർത്ഥകേന്ദ്രം റെക്ടർ ഫാ. ജോസഫ് പൂവത്തുക്കാരൻ, മാനേജിംഗ് ട്രസ്റ്റി വി.ഒ. ജെയിംസ്, പബ്ലിസിറ്റി കൺവീനർ ഒ.ജെ. ജസ്റ്റിൻ, ജോയിന്റ് കൺവീനർ എൻ.ജെ. ലിയോ, ട്രഷറർ വി. സേവ്യർ എന്നിവർ പങ്കെടുത്തു...