എരുമപ്പെട്ടി: വെള്ളറക്കാടിന്റെ മിഠായി വല്യാപ്പ എന്നറിയപ്പെടുന്ന കെ.സി. അബൂബക്കർ (100) ഓർമ്മയായി. വെള്ളറക്കാട്, വെള്ളത്തേരി പ്രദേശത്തെ നാട്ടുകാർക്ക് മധുരം നൽകിയായിരുന്നു മിഠായി വല്യാപ്പ സ്നേഹം പങ്കുവച്ചിരുന്നത്. കോട്ടിട്ട് വടിയും കുത്തി പുൽക്കൊടികളോട് പോലും കുശലം പറഞ്ഞ് നടക്കുന്ന മിഠായി വല്യാപ്പ മുതിർന്നവർക്കും കുട്ടികൾക്കും പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലെ പല കച്ചവട സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്‌തിരുന്നതും മിഠായി വല്യാപ്പയായിരുന്നു.
പരിചിതരോട് വിശേഷങ്ങൾ ചോദിക്കുന്ന മിഠായി വല്യാപ്പ കോട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന പൊതിയിൽ നിന്ന് ഒരു മിഠായി എടുത്ത് അവർക്ക് നൽകും. കെ.സിക്കയോട് സംസാരിച്ചാൽ അദ്ദേഹത്തിന്റെ മിഠായി വാങ്ങിക്കഴിക്കുമ്പോൾ എത്ര മാനസിക സംഘർഷമുള്ളവർക്കും ആശ്വാസമാകുമെന്ന് പൊതുപ്രവർത്തകനും കടങ്ങോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജലീൽ ആദൂർ അനുസ്മരിച്ചു.
മര ഈർച്ച കമ്പനിയിലെ തൊഴിലാളിയായിരുന്നു കെ.സി. അബൂബക്കർ. കൈയിൽ ഒരു പൊതി മിഠായി സൂക്ഷിച്ച് ഇഷ്ടം തോന്നുന്നവർക്ക് നൽകുന്നത് യൗവനത്തിൽ തുടങ്ങിയ ശീലമായിരുന്നു. വയസായപ്പോൾ പെൻഷൻ പണം ഉപയോഗിച്ചാണ് മിഠായി വാങ്ങിയിരുന്നത്. തന്നെ കാണുന്നവർക്ക് മധുരത്തിലൂടെ സന്തോഷം നൽകുകയെന്ന നന്മയുടെ കാഴ്ചപ്പാടും കെ.സിക്ക മരണം വരെ സൂക്ഷിച്ചിരുന്നു.