തൃശൂർ: കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി എം.ഒ റോഡിൽ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിന് നിർമ്മിച്ച് കൊണ്ടിരിക്കുന്ന സബ്‌വേയുടെ മുകൾഭാഗം മേയ് ഒന്ന് മുതൽ ഗതാഗതത്തിനായി തുറന്ന് കൊടുക്കും. മാർച്ച് 14ന് ആരംഭിച്ച നിർമ്മാണപ്രവർത്തനം 45 ദിവസം കൊണ്ട് 4 പ്രവേശന മാർഗ്ഗത്തിന്റെ മേൽക്കൂര ഒഴികെ സബ്‌വേയിലേയ്ക്ക് പ്രവേശിക്കാനുള്ള സ്റ്റെപ്പും സബ്‌വേയും നിർമ്മാണം പൂർത്തീകരിച്ചതായി മേയർ അജിത വിജയൻ പറഞ്ഞു.

റോഡ്, കാന നവീകരണം അടിയന്തരമായി പൂർത്തീകരിക്കും. ഹൈറോഡ്, ഇക്കണ്ടവാരിയർ റോഡ്, അക്വാട്ടിക് കോംപ്‌ളക്‌സ് റോഡ്, ആമ്പക്കാട് ജംഗ്ഷൻ മുതൽ അഞ്ചുവിളക്ക് വരെ, ചേലക്കോട്ടുകര റോഡ് ഈ റോഡുകളിൽ പൈപ്പിടാനായി കുഴിച്ച ഭാഗങ്ങളിൽ ആവശ്യത്തിനുള്ള മണ്ണ് നിലനിറുത്തി ബാക്കി നീക്കം ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കും. പൂരവുമായി ബന്ധപ്പെടുത്തി എം.ജി റോഡ്, ചെമ്പോട്ടിൽ ലെയിൻ, പഴയ നടക്കാവ്, തെക്കേ മഠം റോഡ്, തിരുവമ്പാടി അമ്പലത്തിന് മുൻവശമുള്ള റോഡ്, അമ്പലത്തിലേയ്ക്കുള്ള സൈഡ് വഴികൾ, മന്നാടിയാർ ലെയിൻ, കുറുപ്പം റോഡ് മുതൽ ശ്രീമൂലസ്ഥാനം വരെയുള്ള റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, ജയ ബേക്കറി മുതൽ മാതൃഭൂമി റൗണ്ട് എബൗട്ട് വരെ, മാരാർ റോഡ്, മാതൃഭൂമി റൗണ്ട് എബൗട്ട് മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള റോഡ്, ഷൊർണ്ണൂർ റോഡ്, പാലിയം റോഡ്, പള്ളിക്കുളം റോഡ്, ഫാദർ വടക്കൻ റോഡ്, സാഹിത്യ അക്കാഡമി റോഡ്, കൃഷ്ണൻ നായർ സ്റ്റുഡിയോ പരിസരത്തുള്ള റോഡ്, സെന്റ് ജോർജ്ജ് മെഡിക്കൽ ഷോപ്പിന് സമീപമുള്ള റോഡ്, ടി.ബി. റോഡ്, ശക്തൻ ബസ് സ്റ്റാൻഡ് യാർഡും പ്രവേശനമാർഗ്ഗങ്ങളും തേക്കിൻകാട് ക്ഷേത്രമൈതാനത്തുള്ള റോഡുകൾ, പടിഞ്ഞാറെക്കോട്ട ജംഗ്ഷൻ, മനോരമ ജംഗ്ഷൻ മുതൽ കുരിയച്ചിറ വരെയുള്ള റോഡ്, പാട്ടുരായ്ക്കൽ ജംഗ്ഷൻ, ദിവാൻജി മൂല മുതലായ റോഡുകളിലെ പൊളിഞ്ഞ ഭാഗങ്ങളും കാനകളും സ്ലാബുകളും നവീകരിക്കും. ശക്തൻ തമ്പുരാൻ സ്റ്റാൻഡിനടുത്തുള്ള ശക്തൻ തമ്പുരാന്റെ പ്രതിമ, സ്വപ്ന തിയേറ്ററിനു സമീപത്തെ രാമവർമ്മ പാർക്കിലെ പ്രതിമ, കോർപറേഷന്റെ മുൻവശത്തെ പ്രതിമ എന്നിവ പെയിന്റ് ചെയ്ത് നവീകരിക്കും.

ഇ ടോയ്‌ലെറ്റുകളും മറപ്പുരകളും

തേക്കിൻകാട് മൈതാനിയിൽ പൂരദിനത്തിൽ പൊതു കുടിവെള്ള ടാപ്പുകളും ഇ ടോയ്‌ലെറ്റുകളും മറപ്പുരകളും

കോർപറേഷന്റെ നേതൃത്വത്തിൽ സംഭാരവിതരണത്തിനായി അഞ്ച് കൗണ്ടർ

നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റും

ഈ വർഷം ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ കോർപറേഷൻ പ്രവർത്തനങ്ങളിൽ വ്യാപിപ്പിക്കും

ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിലെ ഭക്ഷണ കുടിവെള്ള ശുചിത്വം, വിലനിലവാരം എന്നിവ നിരീക്ഷിക്കും

പൊതു ഫുട്പാത്തുകൾ കൈയേറി താത്കാലിക ഷെഡ്ഡുകൾ നിർമ്മിക്കുന്നത് തടയും

പ്രധാന റോഡുകളിലെ തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണി നടത്തും.