ചാവക്കാട്: കടപ്പുറം മുനയ്ക്കകടവിൽ പ്രവർത്തിക്കുന്ന ഐസ് പ്ലാന്റുകളുടെ പ്രവർത്തനത്തിന് മേഖലയിലെ ശുദ്ധജലം ഊറ്റിയെടുക്കുന്നതായി പരാതി. ഇവിടെ 3 ഐസ് പ്ലാന്റുകൾ യാതൊരു സുരക്ഷയുമില്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നതായും ഈ സ്ഥാപനങ്ങൾ മൂലം മേഖലയിൽ ജനങ്ങളുടെ ആരോഗ്യവും ജീവിതവും ഏറെ ദുരിതത്തിലാണെന്നും കാണിച്ച് കടപ്പുറം പഞ്ചായത്തിലെ ഒമ്പതാം വാർഡ് നിവാസികളാണ് കളക്ടർ അടക്കമുള്ളവർക്ക് രേഖാമൂലം പരാതി നൽകിയത്.

പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ചേറ്റുവ പുഴയും തെക്ക് അഴിമുഖവും ഉൾപ്പെടെ ഉപ്പു വെള്ളത്താൽ ചുറ്റപ്പെട്ട ഉപദ്വീപായ ഈ മേഖലയിൽ പുതിയതായി വീട് നിർമ്മിക്കാനോ, പുനർനിർമാണം നടത്താനോ തീരദേശ സംരക്ഷണ നിയമം മൂലം പ്രയാസപ്പെടുന്നുണ്ട്. ഇതിനിടെ നിയമം ലംഘിച്ച് പുഴ കൈയേറിപ്പോലും നിർമ്മാണം നടക്കുന്നുമുണ്ട്.

ഏതാനും വർഷം വരെ ശുദ്ധവെള്ളം ലഭിച്ചിരുന്ന മേഖലയിൽ ഇപ്പോൾ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ ഇരുന്നൂറോളം പേർ ഒപ്പിട്ടിരിക്കുന്ന പരാതി കടപ്പുറം പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർക്കും നൽകിയിട്ടുണ്ട്.