വടക്കാഞ്ചേരി: വേനൽക്കാലത്ത് പച്ചക്കറിക്കൃഷിയോ? പരിഹസിച്ചവരെ വെല്ലുവിളിച്ച് വരവൂർ ഗവ. എൽ.പി സ്കൂൾ ഏറ്റെടുത്ത് നടത്തിയ കൃഷിക്ക് പൊൻവിളവ്. പാട്ടത്തിനെടുത്ത ഒരേക്കർ പാടത്ത് ഇടവിളയായി വെള്ളരി, കുമ്പളം, മത്തൻ, വെണ്ട, ചീര, എന്നിവയുടെ വിത്തിട്ട് ചുട്ടുപൊള്ളുന്ന വേനലിനെ വകവയ്ക്കാതെയായിരുന്നു കൃഷി പരിപാലനം.
പ്രധാന അദ്ധ്യാപക എം.ബി. പ്രസാദ് മാസ്റ്റർ ഏതാനും അദ്ധ്യാപകരുടെയും, പി.ടി.എ അംഗങ്ങളുടെയും, കുട്ടികളുടെയും സഹായത്തോടെയാണ് കൃഷിപരിപാലനം നിർവഹിക്കുന്നത്. വെക്കേഷൻ കാലത്തും ശനി, ഞായർ ദിവസങ്ങളിലും, സ്പിംഗ്‌ളർ വച്ച് നനച്ച് പുല്ലു പറിച്ചു നീക്കി പശുവിൻ ചാണകവും, മൂത്രവും, ഉപയോഗിച്ച് ഉണ്ടാക്കിയ 'ജീവാമൃതം ' ജൈവവളം നൽകുന്നതുമാണ് കൃഷിരീതി.
ഇന്നലെ നടന്ന വിളവെടുപ്പ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. സുനിത ഉദ്ഘാടനം ചെയ്തു. വരവൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. മോഹനൻ, പ്രധാന അദ്ധ്യാപകൻ എം.ബി. പ്രസാദ്, പി.ടി.എ പ്രസിഡന്റ് വി.ജി. സുനിൽ, എൻ.എച്ച്. ഷറഫുദ്ദീൻ, എം.എച്ച്. ഇബ്രാഹിം, എ.ബി. ശങ്കരൻ, സുദീന മണികണ്ഠൻ എന്നിവർ സംസാരിച്ചു.