ചാലക്കുടി: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ നിർമ്മാണത്തിന്റെ പേരിൽ നവീകരണം തടസപ്പെട്ടു കിടക്കുന്ന നഗരത്തിലെ റോഡുകൾ എത്രയും വേഗം സഞ്ചാര യോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ. സെന്റ് ജയിംസ് അക്കാഡമിയുടെ ഭാഗത്ത് തകർന്നു കിടക്കുന്ന റോഡിനെക്കുറിച്ച് മേരി നളൻ ഉന്നയിച്ച വിഷയത്തിലാണ് ഇതേക്കുറിച്ച് ചർച്ച നടന്നത്.

വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചതിന് ശേഷമേ റോഡിന്റെ നവീകരണം നടകക്കുകയുള്ളൂവെന്ന് വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ പറഞ്ഞു. ഇവിടെ കുറേ ദൂരം നേരത്തെ ടൈൽ വിരിച്ചു. ഇനിയിത് പൊളിക്കുകയും വേണം. ഇതിനായി വാട്ടർ അതോറിറ്റിയിൽ 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും നൽകിയെന്ന് വൈസ് ചെയർമാൻ വ്യക്തമാക്കി.

ഗവ. ഐ.ടി.ഐ റോഡിൽ ഇത്തരത്തിൽ പൈപ്പുമാറ്റുന്നതിന് 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയെന്നും ഉടൻ വാട്ടർ അതോറിറ്റി ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ അളവിൽ മാറ്റം വരുത്തിയവിൽ നിന്നും സബ്‌സിഡി തുക തിരിച്ചു പിടിക്കാനുള്ള സർക്കാർ നിർദ്ദേശം യോഗത്തിൽ ബഹളത്തിനിടയാക്കി. 620 അടി ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾക്കാണ് അനുമതി നൽകിയതെന്നും പരമാവധി വിസ്തീർണ്ണം 840 ചതുരശ്ര അടിവരെ ആകാമെന്നും സെക്രട്ടി ടോബി തോമസ് യോഗത്തിൽ വ്യക്തമാക്കി.

ഇതിൽ കൂടുതൽ വലിപ്പം വന്ന വീട്ടുകാരിൽ നിന്നാണ് തുക തിരിച്ചു പിടിക്കാൻ നിർദ്ദേശമുള്ളതെന്നും സെക്രട്ടറി വിവരിച്ചു. ഈ തീരുമാനം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, ബിജു ചിറയത്ത് എന്നിവർ ചൂണ്ടിക്കാട്ടി. എന്നാൽ ഇതുവരെ നടത്തിയ സർവ്വേകളിൽ ഇത്തരത്തിൽ റിപ്പോർട്ട് വന്നിട്ടില്ലെന്നും അങ്ങനെ വരുന്ന പക്ഷം വീട്ടുകാരുടെ പണം നഷ്ടപ്പെടത്താവിധം ഇടപെടലുകൾ ഉണ്ടാകുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ വ്യക്തമാക്കി.