ചാവക്കാട്: കാജാ ബീഡി കമ്പനിയുടെ ചാവക്കാട് മുതുവട്ടൂരിലെ ബ്രാഞ്ച് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയ നടപടിയിൽ പ്രതിഷേധം ശക്തം. കമ്പനിയിലെ 15 തൊഴിലാളികൾക്ക് ജോലി നഷ്ടമായ സാഹചര്യത്തിൽ പ്രതിഷേധവുമായി അടച്ചു പൂട്ടിയ കമ്പനിക്കു മുന്നിൽ തൃശൂർ ജില്ലാ ബീഡി തൊഴിലാളി യൂണിയൻ ചാവക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി.
കമ്പനി അടച്ചു പൂട്ടില്ലെന്ന് നേരത്തെ ജില്ലാ ലേബർ ഓഫീസർക്ക് കമ്പനി അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് മുതുവട്ടൂരിലെ ബ്രാഞ്ച് അടച്ചു പൂട്ടിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ബീഡി തൊഴിലാളി യൂണിയൻ ഡിവിഷൻ സെക്രട്ടറി എൻ.കെ. അക്ബർ, കെ.എം. അലി, കെ.എച്ച്. സലാം, എ.വി. താഹിറ, ടി.എസ്. ദാസൻ, വസന്ത വേണു, ബിജി, കെ.എസ്. ശോഭന, പി.കെ. കമലു എന്നിവർ കുത്തിയിരിപ്പ് സമരത്തിന് നേതൃത്വം നൽകി.
ആനുകൂല്യം വാങ്ങിപ്പിരിഞ്ഞ ശേഷം പിന്നീട് തൊഴിലാളികൾക്ക് കരാർ വ്യവസ്ഥയിൽ ജോലിയെടുക്കാമെന്നാണ് കാജാ ബീഡി കമ്പനി അധികൃതരുടെ വാദം. എന്നാൽ ഇത് സ്ഥിരം ജോലി നഷ്ടമായ ജീവനക്കാർക്ക് അർഹമായ നഷ്ടപരിഹാരം കൊടുക്കുന്നത് ഒഴിവാക്കാനുള്ള തന്ത്രമാണെന്നും ജോലി നഷ്ടമായ തൊഴിലാളികൾക്ക് ജോലി തിരിച്ചു കിട്ടുന്നത് വരെ ശക്തമായ സമരവുമായി ബീഡി തൊഴിലാളി യൂണിയൻ രംഗത്തുണ്ടാവുമെന്നും ഡിവിഷൻ സെക്രട്ടറി എൻ.കെ. അക്ബർ പറഞ്ഞു.