കൊടകര: മറ്റത്തൂർ പഞ്ചായത്തിനരികിൽ സ്വകാര്യ പറമ്പിലെ കൊക്കർണിയിൽ മാലിന്യതള്ളുന്നത് പഞ്ചായത്തിനും ജനങ്ങൾക്കും ഭീഷണിയെന്ന് പരാതി. പഞ്ചായത്ത്, കൃഷിഭവൻ ഓഫിസുകൾക്ക് പിറകിലെ നാല് സെന്റിലെ കൊക്കർണിയിലാണ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്. പഞ്ചായത്ത്, കൃഷിഭവൻ ഓഫിസുകളിൽ നിന്നുള്ള ഉപയോഗശൂന്യമായ കടലാസുകളും, ഡിസ്‌പോസിബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിവയും തുണികൾ മുറിച്ചതിന്റെ ബാക്കിയും, മുടിവെട്ട് കടയിലെ മുടി മാലിന്യവും ചാക്കിൽ നിറച്ച് തള്ളിയ നിലയിലാണ് കൊക്കർണി നിറയെ. ആഴമുള്ള കൊക്കർണിയിൽ വർഷത്തിൽ വെള്ളം നിറയുന്നതോടെ സമീപത്തെ കിണറുകളിലേക്കും, മറ്റ് ജലസ്രോതസുകളിലേക്കും മലിനജലം എത്തുമോ എന്ന ആശങ്കയിലാണ് സമീപവാസികൾ. ഒരു മാസം മുൻപ് പേപ്പർ മാലിന്യത്തിൽ തീ പടരുകയും സമീപത്തെ ഓഫീസുകളിലേക്ക് എത്തും മുൻപ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഓഫീസുകൾക്ക് അപകട സാദ്ധ്യതയുണ്ടാക്കുന്ന രീതിയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൽ പഞ്ചായത്ത് അധികൃതർ കാമറ സ്ഥാപിക്കണമെന്നും, കൊക്കർണി പഞ്ചായത്ത് ഏറ്റെടുത്ത് ശുദ്ധജല സ്രോതസാക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു.