തൃശൂർ: വിലക്ക് നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും പരിശോധിക്കും. ആനയുടമ സംഘടന-ഫെസ്റ്റിവെൽ കോ-ഓർഡിനേഷൻ കമ്മിറ്റി, ആന തൊഴിലാളി സംഘടനകളും കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന യോഗ തീരുമാന പ്രകാരമാണ് നടപടി. വിലക്ക് നീക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട്, എട്ടിന് മുമ്പായി മുഖ്യമന്ത്രിയെ സംഘടനാ ഭാരവാഹികൾ നേരിട്ട് കാണും. മുഖ്യമന്ത്രിക്ക് നൽകുന്ന കത്തിനൊപ്പം കൊമ്പന്റെ ഏറ്റവും പുതിയ ആരോഗ്യനില കൂടി ഉൾപ്പെടുത്തും. രണ്ടോ മൂന്നോ പേരടങ്ങുന്ന വെറ്ററനറി സർജൻമാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. വിലക്ക് നീക്കാനുള്ള നടപടികൾക്കായി കൊച്ചിൻ ദേവസ്വം ബോർഡ് മുൻ അംഗം അരുൺകുമാറിന്റെ നേതൃത്വത്തിൽ 11 അംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
എഴുന്നള്ളിക്കാനുള്ള അനുമതി തേടുന്ന അപേക്ഷയോടൊപ്പം റിപ്പോർട്ടും കൈമാറും. ഫെബ്രുവരിയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഗുരുവായൂരിൽ വച്ച് ഇടഞ്ഞ് രണ്ടുപേരെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശ പ്രകാരം വിദഗ്ദ സമിതി രാമചന്ദ്രനെ പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രായാധിക്യവും കണ്ണിന്റെ കാഴ്ചക്കുറവും അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ റിപ്പോർട്ടിലെ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന ശുപാർശ വനംവകുപ്പ് അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് ഉത്സവങ്ങളുടെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് വിലക്കി ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
വിദഗ്ദസമിതി നിർദ്ദേശം
തൃശൂരിൽ ആഴ്ചയിൽ മൂന്ന് ദിവസം എഴുന്നള്ളിക്കാം
മാസത്തിൽ വിദഗ്ദ സംഘത്തിന്റെ പരിശോധന വേണം
ആനയുടെ വിശ്രമവും ഭക്ഷണവും പ്രത്യേകം ശ്രദ്ധിക്കണം
ദീർഘദൂര യാത്രകൾ ഒഴിവാക്കണം
ഇതുവരെ കൊലപ്പെടുത്തിയത് 13 പേരെ
8ന് മുഖ്യമന്ത്രിയെ കാണും
സവിശേഷതകൾ ഇവ
കേരളത്തിലെ ഉയരക്കാരിലെ പ്രമുഖൻ
ഏറെ ആരാധകർ
5 വർഷമായി തെക്കേഗോപുര വാതിൽ തുറക്കുന്നു