തൃശൂർ: കഞ്ചാവ് സംഘങ്ങളുടെ കുടിപ്പകയിൽ മുണ്ടൂരിൽ രണ്ട് യുവാക്കളെ വാഹനമിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ച ആക്രമണത്തിൽ പങ്കാളികളായ ഏഴു പേർ കൂടി അറസ്റ്റിലായി.
കൊല്ലപ്പെട്ട ശ്യാമിന്റെയും ക്രിസ്റ്റോയുടെയും കൂട്ടാളികളായ കുറ്റൂർ തവളക്കുളം ഈച്ചരത്ത് വീട്ടിൽ ചന്ദ്രന്റെ മകൻ പ്രതീഷ് (25), പെരിങ്ങന്നൂർ കല്ലിങ്കൽ വീട്ടിൽ മോഹനന്റെ മകൻ സാംജി (23), കാവുങ്കൽ വീട്ടിൽ രഘുവിന്റെ മകൻ റെജി (25), കൊടമടച്ചള്ള വീട്ടിൽ ലക്ഷ്മണന്റെ മകൻ ജഗദീഷ്, വെട്ടിക്കാട്ടിൽ വീട്ടിൽ വേലായുധന്റെ മകൻ വിനു (30), പുഴയ്ക്കൽ പള്ളിക്കടവിൽ വീട്ടിൽ മോഹനന്റെ മകൻ അമൽ (23), പേരാമംഗലം കൈപ്പറമ്പിൽ വീട്ടിൽ കണ്ണന്റെ മകൻ കമലേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ കൂട്ടാളിയായ പ്രസാദിന്റെ അമ്മ പ്രസീതയെ കഞ്ചാവ് കേസിൽ കുടുക്കിയെന്നാരോപിച്ചാണ് കൊലക്കേസിൽ അറസ്റ്റിലായ ജിനോയുടെയും സിജോയുടെയും വീട്ടിലേക്ക് സംഘം പന്നിപ്പടക്കം എറിയുകയും വീട്, വാഹനം എന്നിവയ്ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തത്. പ്രസാദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഏപ്രിൽ 22ന് ഓട്ടോറിക്ഷയിലും ബൈക്കിലും എത്തിയാണ് ഇവർ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെയാണ് രണ്ടുപേർ വധിക്കപ്പെട്ടത്.
2015ൽ കോയമ്പത്തൂരിൽ നിന്ന് 15 കിലോ സ്വർണം കവർന്ന കേസിലും 2017ൽ വിയ്യൂരിൽ നടന്ന തല്ല് കേസിലും ഒല്ലൂരിൽ കഞ്ചാവ് കടത്തിയ കേസിലും പ്രതിയാണ് അറസ്റ്റിലായ പ്രതീഷ്. ജഗദീഷ് തല്ല് കേസിലും ഉണ്ണിക്കുട്ടൻ പൊതുടാപ്പ് നശിപ്പിച്ച കേസിലും അമൽ കൊലപാതക ശ്രമ കേസിലും പോക്‌സോ കേസിലും കമലേഷ് അടിപിടി കേസിലും പ്രതിയാണ്.
സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നിർദ്ദേശമനുസരിച്ച് ഗുരുവായൂർ എ.സി.പി. പി. ബിജുരാജ്, പേരാമംഗലം സർക്കിൾ ഇൻസ്‌പെക്ടർ എ.എ. അഷറഫ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..