ചെറുതുരുത്തി: ചിരപുരാതനമായ ചെറുതുരുത്തി നെടുമ്പുര ചിറക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഭഗവതി പാട്ട് താലപ്പൊലി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ എട്ടിന് താലപ്പൊലി കുറിക്കൽ ചടങ്ങോടെയാണ് നാല് ദിവസം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമാവുക. ശ്രീധരൻ മങ്ങാടും സംഘവും ഭഗവതി പാട്ടിനും, കോട്ടപ്പറമ്പിൽ ദാസനും ചന്ദ്ര ഭാനുവും ഭദ്രകാളി കർമ്മത്തിനും കാർമ്മികത്വം വഹിക്കും. ഈ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, താലപ്പൊലി ദിവസമായ വെള്ളിയാഴ്ച ക്ഷേത്രം തന്ത്രി മേക്കാട്ട് വാസദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഭിഷേകങ്ങൾ, പൂജകൾ, രാവിലെ എട്ടിന് മേളം ,10.30 മുതൽ പ്രസാദ ഊട്ട് വൈകീട്ട് മേളം, ദീപാരാധന, തുടർന്ന് ചങ്ങനാശ്ശേരി ജയകേരളയുടെ ഭക്തപ്രഹ്‌ളാദൻ ബാലെ എന്നിവയും നടക്കും. ആഘോഷ പരിപാടികളുടെ ആദ്യ ദിനമായ ഇന്ന് വൈകീട്ട് 7.30ന് മുവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സിന്റെ ഗാനമേള നടക്കും.