തൃശൂർ : തൃശൂർ പൂരം പിറക്കുന്നത് തന്നെ മഠത്തിൽ നിന്നാണെന്ന് പറയാം. ശങ്കരാചാര്യരുടെ ശിഷ്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ മൂന്ന് മഠങ്ങൾക്കും വടക്കുന്നാഥ ക്ഷേത്രവും തൃശൂർ പൂരവുമായി ഏറെ ബന്ധമുണ്ട്. തെക്കേമഠം, നടുവിൽ മഠം, ഇടയിൽ മഠം, വടക്കേമഠം എന്നി നാലു മഠങ്ങളിൽ ഇടയിൽ മഠമൊഴിച്ച് മൂന്നും മഠങ്ങളും ഇന്നും പഴമയുടെ തലയെടുപ്പുമായി തൃശൂരിന്റെ പൈതൃകം പേറുന്നു. ഇടയിൽ മഠം മലപ്പുറം താനൂരിലേക്ക് പോയി. തൃക്കൈ മഠം എന്ന പേരിലാണ് അറിയപ്പെടുന്നത്.
തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിയായ തിരുവമ്പാടിക്ക് തിടമ്പ് എഴുന്നള്ളിക്കുന്നതിനായി കോലം പോലും സ്വന്തമായില്ലാതിരുന്ന കാലമുണ്ടായിരുന്നു. അന്ന് നടുവിൽ മഠത്തിലെത്തി ആടയാഭരണങ്ങൾ അണിഞ്ഞാണ് പൂരത്തിൽ പങ്കെടുക്കാൻ യാത്രയായിരുന്നത്. കോലം ഉൾപ്പെടെയുള്ളവ വേണമെങ്കിൽ ഇവിടെയെത്തി അണിയണമെന്ന നിബന്ധനയായിരുന്നു മഠത്തിന്റേത്. ഇന്ന് തിരുവമ്പാടിക്ക് സ്വന്തമായി എല്ലാം ഉണ്ടെങ്കിലും മഠത്തിൽ എത്തി ആടയാഭരണങ്ങൾ അണിഞ്ഞ് ഓർമ്മ പുതുക്കിയാണ് പൂരത്തിന് പുറപ്പെടുന്നത്. പൂരദിവസം ഭഗവതിക്കുള്ള പ്രത്യേക ചടങ്ങ് നടക്കുന്നതും മഠങ്ങളിലാണ്. ശക്തൻ തമ്പുരാൻ ഏറെ ശ്രദ്ധചെലുത്തിയ മഠങ്ങൾ കൂടിയാണിവ.

നടുവിൽ മഠം

തിരുവമ്പാടി ഭഗവതി ആദ്യം എത്തുന്നത് നടുവിൽ മഠത്തിലാണ്. ഒരാനപ്പുറത്ത് തിടമ്പുമായി മഠത്തിലെത്തുന്ന ഭഗവതിക്ക് ആറാട്ട് കഴിഞ്ഞ് മഠത്തിന്റെ തെക്കിനിയിലാണ് നിവേദ്യം ഉൾപ്പെടെയുള്ളവ നടക്കുന്നത്. നടുവിൽ മഠത്തെ സംബന്ധിച്ച് തിരുവമ്പാടി ഭഗവതിക്ക് ആറാട്ട് നടക്കുന്നതും കുളക്കടവിലാണ്. കൊടിയേറ്റ ദിവസം മുതൽ പൂര പിറ്റേന്ന് ഉപചാരം ചൊല്ലി പിരിഞ്ഞ് തിരുവമ്പാടി ഭഗവതി നടുവിൽ മഠത്തിലെത്തി ആറാട്ട് കഴിഞ്ഞാണ് ക്ഷേത്രത്തിലേക്ക് യാത്രയാവുക.

വടക്കേമഠം

പൂരത്തിൽ പങ്കെടുക്കാൻ ആടയാഭരണങ്ങൾ അണിയാനായി എത്തുന്ന തിരുവമ്പാടി ഭഗവതി നടുവിൽ മഠത്തിൽ നിന്ന് വടക്കേ ബ്രഹ്മസ്വം മഠത്തിലേക്കാണ് എത്തുക. വടക്കിനിയിൽ ഇറക്കിയെഴുന്നള്ളിക്കുന്ന ഭഗവതിയെ അവിടെ വച്ചാണ് സർവാഭരണ വിഭൂഷിതയാക്കി പൂരത്തിന് എഴുന്നള്ളിക്കാൻ ഒരുക്കുന്നത്. പകൽ പൂരം കഴിഞ്ഞും തിരുവമ്പാടി ഭഗവതി എത്തുന്നത് വടക്കേമഠത്തിലേക്കാണ്. നിവേദ്യവും വേദപാരായണവും കഴിഞ്ഞാണ് രാത്രി പൂരത്തിന് ഇവിടെ നിന്ന് എഴുന്നള്ളുക.

തെക്കേമഠം


പൂര ദിവസം തെക്കേമഠത്തിൽ ചടങ്ങുകൾ ഒന്നും തന്നെയില്ലെങ്കിലും പൂരത്തിന്റെ സർവംസാക്ഷിയായ വടക്കുന്നാഥനിലെ പുഷ്പാഞ്ജലി സമർപ്പിക്കാൻ അവകാശമുള്ള സ്വാമിയാരാണ് തെക്കേമഠം മൂപ്പിൽ സ്വാമി. വടക്കുന്നാഥ ക്ഷേത്ര ശ്രീകോവിലിൽ പുഷ്പാഞ്ജലി നടത്താൻ അവരോധിക്കപ്പെട്ട നാലു പേരിൽ ഒരാണ് തെക്കേമഠം മൂപ്പിൽ സ്വാമിയാർ.