എരുമപ്പെട്ടി: വേലൂർ പുലിയന്നൂരിൽ ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. ബൈക്ക് യാത്രക്കാരനായ പറപ്പൂര് കിഴക്കേ അങ്ങാടിയിൽ ഹോളി സ്ട്രീറ്റിൽ പാണേങ്ങാടൻ വീട്ടിൽ ജോൺസന്റെ മകൻ ജെൻസനാണ് (22) മരിച്ചത്. വെള്ളറക്കാട് തേജസ് എൻജിനീയറിംഗ് കോളേജിലെ മൂന്നാം വർഷ ഇലക്ട്രിക്ക് ആന്റ് ഇലക്ട്രോണിക്സ് വിദ്യാർഥിയാണ്.
ഇന്നലെ രാവിലെ ഒമ്പതോടെ പുലിയന്നൂർ സെന്ററിൽ വെച്ചാണ് അപകടമുണ്ടായത്. കോളേജിലേക്ക് വരികയായിരുന്ന ജെൻസൺ സഞ്ചരിച്ചിരുന്ന ബൈക്ക് പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് പെട്ടെന്ന് കടന്നുവന്ന പെട്ടിഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് റോഡരുകിലെ കടയിലേക്ക് ഇടിച്ച് കയറുകയും കടയുടെ വരാന്തയിൽ തെറിച്ച് വീണ ജെൻസന്റെ തല കോൺക്രീറ്റ് ഭിത്തിയിലിടിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ ജെൻസനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജെൻസൺ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയിൽ നിന്നും ഹെൽമറ്റ് തെറിച്ച് പോയിരുന്നു. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.