തൃശൂർ: ദേശീയപാത കുതിരാനിൽ വൻ ഗതാഗത കുരുക്ക്. കുതിരാൻ മുതൽ കൊമ്പഴ വരെയുള്ള രണ്ട് കിലോ മീറ്ററാണ് വാഹനങ്ങൾ കുരുക്കിൽപ്പെട്ടത്. പാലക്കാട് ഭാഗത്ത് നിന്ന് ക്രെയിൻ കയറ്റിവന്ന ട്രെയിലർ ലോറി കുഴിയിൽപ്പെട്ട് ഒരു ഭാഗത്തേക്ക് ചരിഞ്ഞു നിന്നതാണ് ഇന്നലെ പ്രധാനമായും ഗതാഗത കുരുക്കിന് ഇടയാക്കിയത്. മദ്ധ്യവേനലവധിയായതോടെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ അനവധിയാണ് ഇതു വഴി പോകുന്നത്. മണിക്കൂറുകളോളമാണ് കുരുക്ക് അനുഭവപ്പെട്ടത്. വാഹനത്തിരക്ക് കൂടിയതോടെ കുതിരാനിലെ ഗതാഗതക്കുരുക്കും മുറുകി. പകലും രാത്രിയും വ്യത്യാസമില്ലാതെ ഏതു സമയവും വാഹനക്കുരുക്കിൽ കുടുങ്ങുകയാണ് കുതിരാൻ. ചില സമയങ്ങളിൽ മണിക്കൂറോളം നീളുന്ന കുരുക്കും ഉണ്ടാകും.

പൊലീസ് കണ്ണ് വെട്ടിച്ച് കുത്തിത്തിരുകലും


വാഹനങ്ങൾ നിയന്ത്രിച്ച് വിടാൻ പൊലീസിന്റെ സാന്നിദ്ധ്യമില്ലെങ്കിൽ ലൈനുകൾക്കുള്ളിലൂടെ ചില വാഹനങ്ങൾ കുത്തിക്കയറി ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങളുടെ പോക്ക് പൂർണമായും തടസപ്പെടുത്തും. പിന്നെ ചീത്തവിളിയും വാഗ്വാദങ്ങളുമാകും. ചിലയിടങ്ങളിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് ചിലരുടെ കുതിപ്പ്.

അപകടകെണി


തുരങ്കപ്പാതകളുടെ വഴുക്കുംപാറ ഭാഗത്ത് നിലവിലുള്ള റോഡ് തകർന്ന് വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഇവിടെ മുപ്പതടി ഉയരത്തിൽ മണൽച്ചാക്കുകൾ അട്ടിയിട്ടാണ് റോഡിന്റെ ഒരു വശം നിലനിറുത്തിയിട്ടുള്ളത്. മഴ ആരംഭിക്കുന്നതോടെ ഇത് ഇടിഞ്ഞുതകരും. കുതിരാൻ ക്ഷേത്രത്തിനടുത്തും ഇത്തരം അപകടക്കെണിയുണ്ട്. നിലവിലുള്ള റോഡ് തകർന്നാൽ കുതിരാൻ യാത്ര മുടങ്ങും.


അനിശ്ചിതമായി നീളുന്ന തുരങ്ക നിർമ്മാണം


അതേസമയം കുതിരാനിലെ തുരങ്കനിർമ്മാണം പാതി വഴിയിൽ സ്തംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കരാറുകാരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വൻ തുക കുടിശ്ശിക വന്നതിനെ തുടർന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് തുരങ്ക നിർമ്മാണ പ്രവൃത്തികൾ നിറുത്തിവെച്ചത്. നിർമാണം 90 ശതമാനവും പൂർത്തിയായെന്ന് പറയുന്ന ആദ്യ തുരങ്കപ്പാതയായ ഇടത് തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ഇനിയും സുരക്ഷാ പരിശോധനകൾ ഏറെ നടത്തേണ്ടതുണ്ട്. കരാർ കമ്പനിയുടെ സ്വാധീനത്തിൽ തുരങ്കപ്പാതയ്ക്ക് യാതൊരു സുരക്ഷാ ഭീഷണിയുമില്ലെന്ന റിപ്പോർട്ടുകളും രേഖകളും ഉണ്ടാക്കുന്നുണ്ടെങ്കിലും തുരങ്കപ്പാതയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ചവർ തന്നെ രഹസ്യമായി തുരങ്കപ്പാതയുടെ ബലക്ഷയം ചൂണ്ടിക്കാട്ടുന്നുണ്ട്...