kuzhikkani-padam-nasichu
കുഴിക്കാണി പാടശേഖരം

കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ 86 ഏക്കറോളം വരുന്ന കുഴിക്കാണി പാടശേഖരത്തിൽ വിളവെടുക്കാനാവാതെ നെൽക്കൃഷി നശിച്ചു. വിളഞ്ഞ നെല്ല് വേനൽമഴയിൽ വീണ്‌ നശിക്കുകയായിരുന്നു.
നേരത്തെ വിളവിറക്കിയ കുഴിക്കാണി നെല്ലുത്പാദക സമിതിയിൽപ്പെട്ട 60 ഏക്കർ സ്ഥലം മഴയ്ക്ക് മുൻപേ വിളവെടുത്തു. എന്നാൽ താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് ആയിരുന്നതിനാൽ മുണ്ടകൻ വിളവിറക്കാൻ വൈകിയിരുന്നു. കുഴിക്കാണി തോട്ടിൽ കാടും പുല്ലും നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടതാണ് കൃഷിയിറക്കാൻ വൈകിയതെന്ന് നെല്ലുത്പാദക സമിതി പ്രസിഡന്റ് വാസു പൂക്കോടൻ പറഞ്ഞു. വൈകി കൃഷിയിറക്കിയ രണ്ടേക്കറോളം മഴയ്ക്ക് മുൻപേ കൊയ്ത്ത് യന്ത്രം ഉപയോഗിച്ചു കൊയ്തിരുന്നു. എങ്കിലും വയ്‌ക്കോൽ മഴയിൽ നശിച്ചുപോയി.

ജ്യോതി, ശ്രേയസ് ഇനത്തിൽപ്പെട്ട വിത്തുകളാണ് കൃഷി ചെയ്തിരുന്നത്. വെള്ളക്കെട്ടും, ആഴവുമുള്ള പാടത്ത് വിളഞ്ഞ നെല്ല് യന്ത്രസഹായമില്ലാതെയുള്ള കൊയ്ത്തിന് ചെലവേറുമെന്നുള്ളതിനാൽ ബാക്കി കൃഷി വിളവെടുക്കാതെ ഉപേക്ഷിക്കുകയാണെന്ന് കർഷകർ പറഞ്ഞു. വിള ഇൻഷ്വറൻസ് പ്രകാരം നശിച്ച നെല്ലിന് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാൻ കർഷകർ അപേക്ഷ നൽകിയിട്ടുണ്ടെന്നും, ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള നടപടിക്കായി ശ്രമിക്കുന്നുണ്ടെന്നും മറ്റത്തൂർ കൃഷി ഓഫിസർ പി.പി. വനോദ് കുമാർഅറിയിച്ചു.