cinima-theatre
വെള്ളിയാഴ്ച പ്രദർശനം പുനരാരംഭിക്കുന്ന നവീകരിച്ച ചെന്ത്രാപ്പിന്നി ശ്രീമുരുകൻ തിയേറ്റർ

കയ്പ്പമംഗലം: നവീകരിച്ച ചെന്ത്രാപ്പിന്നി ശ്രീമുരുകൻ തിയേറ്റർ 3ന് പ്രദർശനം പുനരാരംഭിക്കുന്നു. ഒരു കാലത്ത് തീരദേശമായ മണപ്പുറത്ത് പത്തോളം സിനിമാ തിയേറ്ററുകൾ ഉണ്ടായിരിന്നിടത്ത് രൂപവും ഭാവവും മാറ്റി ശീതീകരിച്ച് പുതിയ സാങ്കേതികതയോടെ ചെന്ത്രാപ്പിന്നി ശ്രീമുരുകൻ തിയേറ്റർ വീണ്ടും സിനിമാസ്വാദകർക്ക് മുന്നിലെത്തുകയാണ്. 1970 കാലഘട്ടത്തിൽ ആരംഭിച്ച ചെന്ത്രാപ്പിന്നി കോലാന്ത്ര രാജന്റെ ഉടമസ്ഥതയിലുള്ള ഈ തിയേറ്റർ അമ്പതാം വർഷത്തിലാണ് പുതുമകളുമായി എത്തുന്നത്. മറ്റെല്ലാ തിയേറ്ററുകളും പ്രാദേശികമേഖലയിൽ സിനിമാസ്വാദകർ കുറഞ്ഞപ്പോൾ കല്ല്യാണമണ്ഡപങ്ങളാക്കി മാറ്റിയിരുന്നു. 7.5 ഡോൾബി സിസ്റ്റത്തിൽ പുതിയ എല്ലാവിധ സംവിധാനത്തോടു കൂടിയാണ് ശ്രീ മുരുകൻ തിയറ്റർ പുതുമ സൃഷ്ടിക്കുന്നത്. എ.സി ആക്കിയും തിയേറ്ററിന്റ മുഖച്ഛായ ആകെ മാറ്റിയും 250 പേർക്ക് ഇരിക്കാവുന്ന രീതിയിൽ 3ന് മോർണിംഗ് ഷോയോടുകൂടിയാണ് പുതിയ തുടക്കം. മമ്മൂട്ടി നായകനായ പുതിയ ചിത്രം 'മധുരരാജയാണ് ആദ്യ പ്രദർശനം.