ഗുരുവായൂർ: വലിയ തോട് ശുചീകരണത്തിനുള്ള പദ്ധതി നഗരസഭ അടുത്തയാഴ്ച മുതൽ ആരംഭിക്കും. വൈസ് ചെയർമാൻ കെ.പി. വിനോദാണ് ഇക്കാര്യം കൗൺസിൽ യോഗത്തിൽ അറിയിച്ചത്. തോട് വീണ്ടും മാലിന്യ കേന്ദ്രമാകാതിരിക്കാൻ നടപടി വേണമെന്ന് ആർ.വി. മജീദും സുരേഷ് വാര്യരും ആവശ്യപ്പെട്ടു. ആദ്യമായാണ് വലിയ തോട് ശുചീകരിക്കുന്നതെന്ന് വൈസ് ചെയർമാൻ അവകാശപ്പെട്ടെങ്കിലും മുൻ കൗൺസിലുകളുടെ കാലത്ത് നേരത്തെ രണ്ട് ഘട്ടങ്ങളിൽ വലിയ തോടിന്റെ ശുചീകരണം നടന്നിരുന്ന കാര്യം മുൻ നഗരസഭാദ്ധ്യക്ഷ പ്രൊഫ. പി.കെ. ശാന്തകുമാരി ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ തന്റെ പ്രസ്താവന തിരുത്തുന്നതായി വൈസ് ചെയർമാൻ പറഞ്ഞു.
വലിയ തോടിലെ കൈയേറ്റം സർവേ നടത്തി ഒഴിപ്പിക്കണമെന്നും ആവശ്യമുയർന്നു. കാന നിർമാണം ഇഴയുന്നതും കുടിവെള്ള പൈപ്പുകളിടാൻ താമസിക്കുന്നതും ആന്റോ തോമസ് ശ്രദ്ധയിൽപ്പെടുത്തി. ഏറ്റവും കൂടുതൽ വാർഡുകളുള്ള പൂക്കോട് കൃഷി ഓഫീസറില്ലാത്ത പ്രശ്‌നം കൗൺസിലിൽ ചർച്ചയായി. ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം തുടങ്ങാൻ വൈകുന്നതിനെ പ്രസാദ് പൊന്നരാശേരി ചോദ്യം ചെയ്തു. തൈക്കാട് മേഖലയിലെ 64 പൊതുടാപ്പുകളിലേക്ക് വെള്ളം നൽകിയ വകയിൽ 60.80 ലക്ഷം കുടിശികയുണ്ടെന്ന വാട്ടർ അതോറിറ്റിയുടെ കത്ത് കൗൺസിൽ ചർച്ച ചെയ്തു. സംയുക്ത പരിശോധനയ്ക്ക് ശേഷം പണം നൽകിയാൽ മതിയെന്ന് ഭരണ പക്ഷവും പ്രതിപക്ഷവും ചേർന്ന് തീരുമാനിച്ചു.
കൗൺസിലിലെ ചോദ്യങ്ങൾക്കൊന്നും ചെയർമാൻ വി.എസ്. രേവതി മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ചെയർപേഴ്‌സൻ നിശബ്ദത പാലിക്കുകയും ഭരണ പക്ഷത്തെ സി.പി.എം അംഗങ്ങൾ മറുപടി പറയുകയും ചെയ്യുകയാണെന്നായിരുന്നു ആരോപണം. സി.പി.ഐയിലെ ഒരു അംഗവും കൗൺസിലിൽ സംസാരിച്ചിരുന്നില്ല. പി.എസ്. രാജൻ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ചെന്ന് കണ്ടതിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാഗ്വാദം നടന്നു. ചെയർപേഴ്‌സൻ വി.എസ്. രേവതി അദ്ധ്യക്ഷത വഹിച്ചു. ടി.ടി. ശിവദാസൻ, ടി.എസ്. ഷെനിൽ, കെ.വി. വിവിധ്, സുരേഷ് വാര്യർ എന്നിവർ സംസാരിച്ചു.