ചേലക്കര: ചേലക്കര ശ്രീമാരിയമ്മൻ പൂജാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന അമ്മൻ കരകങ്ങളുടെ എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രം. ഉടുക്കുപ്പാട്ടിന്റെയും പൂച്ചട്ടിയേന്തിയ ഭക്തജനങ്ങളുടെയും നാമജപമന്ത്രങ്ങളുടെ അകമ്പടയോടെയാണ് അമ്മൻ കരകങ്ങളുടെ എഴുന്നള്ളിപ്പ് നടന്നത്. രാവിലെ പുതുപ്പാലത്ത് നിന്നും ആന, ഉടുക്കുപ്പാട്ട്, പാണ്ടിമേളം, ആട്ടകരകം എന്നിവ കരകം എഴുന്നള്ളിപ്പിന് മാറ്റുകൂട്ടി.

അമ്പതിലധികം കലാകാരന്മാരെ അണിനിരത്തിയുള്ള പഞ്ചാരിമേളം,മദ്ധ്യാഹ്നപൂജ,അന്നദാനം, നിറമാല, സോപാനസംഗീതം എന്നിവയും നടന്നു. പിന്നണി ഗായകരായ അനൂപ് ശങ്കർ, ദുർഗ വിശ്വനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഗാനമേളയും ഉണ്ടായി.

ബുധനാഴ്ച രാവിലെ ഒമ്പതിന് വിളക്ക് പൂജ, 11ന് മദ്ധ്യാഹ്നപൂജ, 12ന് അന്നദാനം, വൈകിട്ട് 3.30ന് ആലുക്കാസ് മൈതാനത്ത് കുടമാറ്റം, 5.30ന് അഞ്ച് ആന, പഞ്ചവാദ്യം, ഫ്‌ളോട്ട്, ആട്ടകരകം, പുലിക്കളി, ദേവതാണ്ഡവം, തകിൽ എന്നിവയുടെ അകമ്പടയോടെ ഗംഭീരമാവിളക്ക് ഘോഷയാത്ര ഉണ്ടാകും. പുതുപ്പള്ളി കേശവൻ തട്ടകത്തമ്മയുടെ തിടമ്പേറ്റും.

സമാപന ദിവസമായ വ്യാഴാഴ്ച രാവിലെ ഭജന, ഒമ്പതിന് ക്ഷേത്രാങ്കണത്തിൽ ഭക്തജനങ്ങളുടെ പൊങ്കാല വഴിപാട്, 11.30ന് മദ്ധ്യാഹ്നപൂജ, 12ന് അന്നദാനം, വൈകിട്ട് 5.30ന് പെരുംപൂജ, 7.30ന് മഞ്ഞൾ നീരാട്ടത്തോടുകൂടി ഗൃഹപൂജയ്ക്കുള്ള പുറപ്പാട്, 9.30ന് കുമ്മിയടി, പത്തിന് അമ്മൻ കരകങ്ങളുടെ നിമജ്ജനം എന്നിവ നടക്കും.