കുന്നംകുളം: അടുപ്പൂട്ടിയിലെ വാതകശ്മശാനം അടഞ്ഞു തന്നെ. അറ്റകുറ്റപ്പണി കഴിഞ്ഞെന്ന് ആരോഗ്യ വിഭാഗം കൗൺസിൽ യോഗത്തിൽ അറിയിച്ചെങ്കിലും ശ്മശാനം തുറന്ന് പ്രവർത്തിക്കാൻ നടപടിയായില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്രവർത്തനം തുടങ്ങിയ ക്രിമറ്റോറിയം അധിക സമയവും അടഞ്ഞു കിടക്കുന്നതാണ്. പതിവ്.

അറ്റകുറ്റപ്പണിക്ക് ആളെത്താത്തതും, അനുമതിയാകാത്തതും തുടങ്ങി കാരണങ്ങൾ നിരവധിയാണ്. പലപ്പോഴും ക്രിമറ്റോറിയം പ്രവർത്തിപ്പിക്കാൻ പ്രാപ്തമായ തൊഴിലാളികളെല്ലാതെയും അടച്ചുപൂട്ടിയിടുകയാണ് പതിവ്. നഗരസഭാ പ്രദേശത്ത് സംസ്കാര ചടങ്ങുകൾക്ക് 2500 രൂപ നിരക്കാണ് ഈടാക്കുന്നത്. കുന്നംകുളത്ത് അടഞ്ഞുകിടക്കുമ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കാൻ പോർക്കുളത്തോ, കോട്ടപടിയിലോ പോകണം. ഇവിടെ ആയിരം രൂപ അധികം നൽകണം എന്നത് മാത്രമല്ല ആംബുലൻസ് ഉൾപ്പെടെയുള്ള അധികവാടകയും നൽകണം.

കഴിഞ്ഞ രണ്ടര മാസമായി ബെർണർ തകരാറുമൂലമാണ് ക്രിമറ്റോറിയം അടച്ചിട്ടിരിക്കുന്നത്. പണിപൂർത്തിയായി ഏതാണ്ട് രണ്ട് ആഴ്ച പിന്നിട്ടിട്ടും തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ബി.ജെ.പി അംഗം ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോൾ പ്രവൃത്തികൾ പൂർത്തിയായതായും. നാളെ മുതൽ പ്രവർത്തനം ആരംഭിക്കുമെന്നുമായിരുന്നു മറപടി.

എന്നാൽ കൗൺസിൽ കഴിഞ്ഞിട്ട് ആഴ്ച ഒന്നാകാറെയെങ്കിലും ക്രിമറ്റോറിയം തുറന്നില്ലെന്നും വാർഡ് കൗൺസിലർ ഷാജി ആലിക്കൽ പറഞ്ഞു. നിലവിൽ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ് കെട്ടിടം. ഇവിടെ അടിയന്തരമായ സുരക്ഷ കാമറകൾ സ്ഥാപിക്കുകയും തുറന്ന് കൊടുക്കുകയും വേണമെന്നും ആവശ്യപെട്ടു.