1

ചിറയിൻകീഴ്: ചിറയിൻകീഴിന്റെ ദേശീയോത്സവമായ ശാർക്കര മീനഭരണി യോടനുബന്ധിച്ചുള്ള ദീപാലങ്കാരവും ശാർക്കര പറമ്പിലെ കാർണിവലും കാണാൻ ജനത്തിരക്കേറുന്നു. വൈകുന്നേരത്തോടെ ആരംഭിക്കുന്ന തിരക്ക് രാത്രി പത്തുമണിവരെ നീളും. ദിവസവും ആയിരക്കണക്കിന് പേരാണ് ശാർക്കരയിലെത്തുന്നത്. ക്ഷേത്ര പരിസരത്തിന് പുറമേ അമ്പലത്തിന്റെ മൂന്ന് കിലോമീറ്ററോളം ദൂരം വൈദ്യുത ദീപാലങ്കാരത്തിൽ കുളിച്ച് നിൽക്കുകയാണ്. വലിയകട -ശാർക്കര റോഡ്, പുളിമൂട് ജംഗ്ഷൻ, പണ്ടകശാല റോഡ് എന്നിവിടങ്ങളിലാണ് കൂടുതലും വൈദ്യുത ദീപാലങ്കാരങ്ങൾ നാട്ടിയിരിക്കുന്നത്. ക്ഷേത്രപ്പറമ്പിലെ വാണിജ്യ വ്യാപാരമേളയുടെ ഭാഗമായി ആരംഭിച്ച കാർണിവലിലും വൻതിരക്കാണ്.വ്യാപാര വിപണന മേളയും ജനശ്രദ്ധയാകർഷിക്കുന്നു. കാർണിവൽ 8ന് അവസാനിക്കും. ഉത്സവം കഴിഞ്ഞാലും വ്യാപാരമേള രണ്ട് മാസത്തോളം നീണ്ടു നിൽക്കും. 7, 8 തീയതികളിൽ നടക്കുന്ന ശാർക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ഉരുൾ ഘോഷയാത്രയിലും ഗരുഢൻതൂക്കത്തിലും പങ്കെടുക്കാനായി നിരവധി പേർ എത്തിയിട്ടുണ്ട്.

ശാർക്കര ഇന്ന്

രാവിലെ 4.30ന് നിർമാല്യ ദർശനം, 6ന് ഉഷപൂജ, ഹരിനാമ കീർത്തനം, ലളിതസഹസ്രനാമം, 8ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 9.30 മുതൽ 4 വരെ ശ്രീമഹാദേവി ഭാഗവത പാരായണം, 11.30ന് കളഭാഭിഷേകം, വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, 5ന് ശ്രീവല്ലഭം തിരുവാതിര സംഘം നയിക്കുന്ന പിന്നൽ തിരുവാതിര, 6.30ന് ദീപാരാധന, 6.45ന് സംഗീതസദസ്, രാതി 8.30ന് ശ്രീഭൂതബലി എഴുന്നള്ളത്ത്, 9.30ന് ചിറയിൻകീഴ് അനുഗ്രഹയുടെ നാടകം ചുമടുതാങ്ങി, 12.30ന് തിരുവനന്തപുരം നാടകനിലയം അവതരിപ്പിക്കുന്ന നാടകം ആങ്ങളത്തെയ്യം എന്നിവ നടക്കും.