ചിറയിൻകീഴ്: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ശാർക്കര മീന ഭരണി മഹോത്സവം സമാപിച്ചു. ഇന്നലെ രാവിലെ മുതൽ തന്നെ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ഗരുഡൻ തൂക്കനേർച്ച കാണാൻ വൻഭക്തജന പ്രവാഹമായിരുന്നു. ക്ഷേത്ര മേൽശാന്തി കാവേരി മഠം ജനാർദ്ദനൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ ഇരുവില്ലുകളിലും പ്രത്യേക പൂജ നടത്തിയശേഷം രാവിലെ 9.30ന് ഗരുഡൻ തൂക്കം ആരംഭിച്ചു. ക്ഷേത്ര സന്നിധിയിലെ ഭജനപ്പുരയിൽ കഠിന വ്രതാനുഷ്ടാനങ്ങളോടെ കഴിഞ്ഞിരുന്ന 201 പേരാണ് ഗരുഡൻ തൂക്കനേർച്ചയിൽ പങ്കെടുത്തത്. ക്ഷേത്രത്തിന് സമീപത്തെ ഭഗവതികൊട്ടാരത്തിൽ നിന്നും ഉടുത്തുകെട്ടലിനും ചുട്ടികുത്തലിനും ശേഷം ചെറുസംഘങ്ങളായി തിരിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി ദേവിയെ സ്‌തുതിച്ചശേഷമാണ് തൂക്കവില്ലേറിയത്. രാത്രി 8ഓടെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ആറാട്ടുഘോഷയാത്ര വലിയകട, ഒറ്റപ്ലാംമുക്ക്, പടനിലം വഴി റെയിൽവേ ലൈൻ കടന്ന് ആൽത്തറമൂട്ടിലെത്തി ആറാടിയശേഷം പണ്ടകശാല വഴി ക്ഷേത്രത്തിൽ തിരിച്ചെത്തി. ക്ഷേത്ര ഉപദേശക സമിതി, വിവിധ ഉരുൾ കമ്മിറ്റികൾ, ന്യൂരാജസ്ഥാൻ മാർബിൾസ്, ടാക്‌സി - ആട്ടോ ഡ്രൈവർമാർ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ മീന ഭരണിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ വൈദ്യുത ദീപാലങ്കാരക്കാഴ്ചയും ഒരുക്കിയിരുന്നു. ക്ഷേത്രപറമ്പിൽ നടക്കുന്ന വാണിജ്യ വ്യാപാര കാർഷിക മേള ജൂൺ 2 വരെ നീളും.