1

പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിലെ കല്ലിംഗവിളാകം വാർഡിലെ പണ്ടാരവിളയിൽ ഗതാഗതത്തിന് തടസം സൃഷ്ടിച്ച് റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന പാഴ്മരം മുറിച്ചു മാറ്റുന്നില്ലെന്ന് പരാതി. ഓഖി ചുഴലിക്കാറ്റിന്റെ നാളുകളിലാണ് കനാൽ ബണ്ടിൽ നിന്ന വൻ പുളിമരം കടപുഴകി റോഡിലേയ്ക്ക് മറിഞ്ഞ് വീണത്. അന്നതിന്റെ ചെറിയ ശിഖരങ്ങൾ മുറിച്ച് മാറ്റിയതല്ലാതെ തായ് തടി നാളിതുവരെ മുറിച്ചു മാറ്റിയിട്ടില്ല. പണ്ടാരവിളയിലേയ്ക്ക് നാട്ടുകാർ എത്തുന്ന നടവഴിയാണ് കനാൽ ബണ്ട്. ഇപ്പോൾ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

നെയ്യാറ്റിൻകരയിലെ നെയ്യാർ ഇറിഗേഷൻ പ്രോജക്ട് ഓഫീസർക്കും പൂവാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നാട്ടുകാർ നിരവധി തവണ പരാതികൾ നൽകിയിട്ടും ഏതൊരു നടപടിയും നാളിതുവരെ കൈക്കൊണ്ടിട്ടില്ലെന്നാണ് ആക്ഷേപം. ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.