മൂത്ര നിയന്ത്രണമില്ലായ്മ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ പ്രായക്കാരിലും ഉണ്ടാകാം. ഇത് നാലു തരത്തിലാണ് ഉള്ളത്. അർജ് ഇൻകോണ്ടിനൻസ്, സ്ട്രെസ് ഇൻകോണ്ടിനൻസ്, ഓവർഫ്ളോ ഇൻകോണ്ടിനൻസ്, ട്രൂ ഇൻ കോണ്ടിനൻസ്.
അർജ് ഇൻകോണ്ടിനൻസിൽ മൂത്രസഞ്ചിയിലുണ്ടാകുന്ന ഇടവിട്ടുള്ള സങ്കോചം കാരണം പെട്ടെന്ന് മൂത്രമൊഴിക്കണമെന്നു തോന്നുന്നു. ചിലരിൽ മൂത്രം അറിയാതെ പോകുന്നു. മൂത്രരോഗാണുബാധ, മൂത്രതടസം, പക്ഷാഘാതം, തലച്ചോറിന്റെ അസുഖങ്ങൾ മുതലായവമൂലം ഇത് ഉണ്ടാകുന്നു.
സ്ട്രെസ് യൂറിനറി ഇൻകോണ്ടിനൻസുള്ള രോഗികളിൽ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ മൂത്രം അറിയാതെ പോകുന്നു. ബുദ്ധിമുട്ടുള്ള പ്രസവം കഴിഞ്ഞ സ്ത്രീകൾ, നാഡീവ്യവസ്ഥയുടെ രോഗങ്ങൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ഓപറേഷൻ കഴിഞ്ഞവർ മുതലായവരിൽ ഈ അവസ്ഥ കാണുന്നു.
മൂത്രം കെട്ടിനിൽക്കുന്ന രോഗികളിൽ അത് കവിഞ്ഞ് ഒഴുകുന്നതിനാണ് ഓവർ ഫ്ളോ ഇൻ കോണ്ടിനൻസ് എന്നുപറയുന്നത്. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, മൂത്രനാളിയുടെ സ്ട്രിക്‌ചർ അസുഖം മുതലായവ മൂലം ഇത് ഉണ്ടാവാം. ഗർഭാശയമുഖത്തെ മുഴകൾ, അടിവയറ്റിലെ മറ്റു മുഴകൾ, അടിവയറ്റിലെ അവയവങ്ങൾ വെളിയിലേക്കു തള്ളിവരുന്ന അവസ്ഥ, മലബന്ധം മുതലായവ മൂലം മൂത്രം പോകാതെ കെട്ടിനിൽക്കും.
മൂത്ര നിയന്ത്രണ മാംസപേശിയുടെ തകരാർ മൂലമുള്ള മൂത്രനിയന്ത്രണമില്ലായ്മയാണ് ട്രൂ ഇൻകോണ്ടിനൻസ് . പ്രോസ്റ്റേറ്റ് സർജറി, പ്രോസ്റ്റേറ്റ് കാൻസറിനുള്ള റാഡിക്കൽ പ്രോസ്റ്റാറ്റെക്ടമി മുതലായവയിൽ മൂത്ര നിയന്ത്രണ മാംസപേശിക്ക് തകരാർ ഉണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യുന്നു.
മൂത്ര പരിശോധന വഴി രോഗാണുബാധ ഉണ്ടോയെന്നു മനസിലാക്കാം. അൾട്രാസൗണ്ട് സ്കാൻ പരിശോധന വഴി മൂത്രം കെട്ടിനിൽക്കുന്നത് മനസിലാക്കാം.
അർജ് ഇൻകോണ്ടിനൻസിന് ഫലപ്രദമായ ആന്റികോളിനെർജിക് വിഭാഗത്തിൽ പെട്ട മരുന്നുകൾഒറ്റയ്ക്കോ ഒരുമിച്ചോ രോഗിക്ക് കൊടുക്കുന്നു. മൂത്രസഞ്ചിയിൽ കുത്തിവയ്ക്കുന്ന ഒണബോട്ടുലിനം ടോക്സിൻ ഈ അസുഖത്തിന് ഫലപ്രദമാണ്.
സ്ട്രെസ് ഇൻകോണ്ടിനൻസിന് ഫലപ്രദമായ ശസ്ത്രക്രിയകളാണ് TVT, TOT മുതലായവ.
ഓവർഫ്ളോ ഇൻ കോണ്ടിനൻസിന് മൂത്രതടസം നീക്കം ചെയ്യണം.
മൂത്ര നിയന്ത്രണ മാംസപേശിയുടെ തകരാർ മൂലമുള്ള ട്രൂ ഇൻ കോണ്ടിനൻസിന് ആർട്ടിഫിഷ്യൽ യൂറിനറി സ്‌ഫിങ്‌ടർ ശസ്ത്രക്രിയയാണ് ഗോൾഡ് സ്റ്റാൻഡേർഡ്.
ഡോ. എൻ. ഗോപകുമാർ.