നേമം: വേനൽ കടുത്തതോടെ തിരുവനന്തപുരം നഗരസഭയുടെ നേമം ഭാഗങ്ങളിലും സമീപ പഞ്ചായത്തുകളായ കല്ലിയൂർ , പള്ളിച്ചൽ എന്നിവിടങ്ങളിൽ ഉൾപ്പെട്ട വിവിധ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്.
കനത്ത ചൂടും കുടിവെള്ള ക്ഷാമവും രൂക്ഷമായതോടെ ഏലാകളിലെ കൃഷിയും കർഷകർ ഉപേക്ഷിച്ചിരിക്കുകയാണ്. മുൻപ് പള്ളിച്ചൽ പഞ്ചായത്തിലെ ചുരത്തൂർക്കോണം ഏലായിലെ കൃഷിയിടങ്ങളിൽ ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് കർഷക കൂട്ടായ്മയിൽ പള്ളിച്ചലിൽ സ്ഥിതിചെയ്യുന്ന ഇറിഗേഷൻ ഒാഫീസിലെ അധികൃതരെ സമീപിക്കുകയും തുടർന്ന് എ.ഇയുടെ നേതൃത്വത്തിൽ നെയ്യാറിൽ നിന്നുള്ള ജലം കനാൽ മാർഗം കൃഷിയിടങ്ങളിൽ തുറന്ന് വിട്ടത് കർഷകർക്ക് ഏറെ ആശ്വാസമായിരുന്നു. ജലക്ഷാമം നേരിടുന്ന പല സ്ഥലങ്ങളിലും പെെപ്പ് ലെെനുകൾ ഉണ്ടെങ്കിലും രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോഴാണ് കുടിവെള്ളം ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. കൂടാതെ പെെപ്പുകളിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ ഒാര് കലർന്നിട്ടുണ്ടെന്നും പറയുന്നു.
കാർഷിക ആവശ്യങ്ങൾക്കായി നിർമ്മിച്ച കനാലുകളിൽ അടിയന്തരമായി ജലം തുറന്നു വിടണമെന്നാണ് നാട്ടുകാർ പറയുന്നത്.
പെെപ്പുകളിൽ കുടിവെളളം ലഭ്യമാക്കുക, പൊതുനിരത്തുകളിൽ അധികൃതരുടെ അനാസ്ഥമൂലം പെപ്പുകൾ പൊട്ടി കുടിവെളളം പാഴാകുന്നത് ഒഴിവാക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒരു പരിധിവരെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സാധിക്കും.