ചന്ദ്രകലയുടെ മുഖം കറുത്തു.
അവൾ ചാടിയെഴുന്നേറ്റ് പാഞ്ചാലിയുടെ പിന്നാലെ പോകുവാൻ ഭാവിച്ചതാണ്.
എന്നാൽ പ്രജീഷ് അവളുടെ കൈ പിടിച്ചിരുത്തി.
''വേണ്ടാ... ഈ സമയത്ത് നീ അവളോട് കോപിക്കാൻ നിൽക്കണ്ടാ. നമ്മുടെ പദ്ധതികൾക്ക് അത് കുഴപ്പമുണ്ടാക്കും."
ചന്ദ്രകല അമർത്തി മൂളി.
പ്രജീഷ് തുടർന്നു:
''ഇക്കണ്ട കോടികളുടെ സ്വത്തുക്കൾ മുഴുവൻ നിന്റെയും അവളുടെയും പേരിലാണെന്ന് ഓർക്കണം. അവൾ കൂടി ഒപ്പുവയ്ക്കാതെ നിനക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യുവാൻ കഴിയില്ല."
ചന്ദ്രകല ഒന്നടങ്ങി.
''ചിലപ്പം തോന്നും ആ ജന്തുവിനെ അങ്ങ് കൊന്നുകളയാൻ."
'അത് നല്ല കാര്യം. പലതവണ നിന്നോടു ഞാൻ പറഞ്ഞിട്ടുമുണ്ട്."
പ്രജീഷ് ചിരിച്ചു.
''ചിലപ്പം ഞാൻ അതങ്ങ് ചെയ്തെന്നും ഇരിക്കും."
പ്രജീഷ് സന്തോഷത്തോടെ തലയാട്ടി:
''എന്തായാലും നീ അവളുടെ യഥാർത്ഥ മമ്മിയല്ലെന്ന് ഇതുവരെ അവൾ അറിഞ്ഞിട്ടില്ലല്ലോ... പിന്നെ നമ്മൾ എന്തുചെയ്താലും അത് സൂക്ഷിച്ചേ ആകാവൂ... കാരണം അവളുടെ അച്ഛന്റെ അകന്നുനിൽക്കുന്ന ബന്ധുക്കൾ ഒരു കാരണം നോക്കിയിരിക്കുകയാണ്. പാഞ്ചാലി അവരോട് എന്തെങ്കിലും സഹായം ചോദിച്ചാൽ അവർ പാഞ്ഞെത്തും."
ചന്ദ്രകലയുടെ മുഖം വിളറി.
''അത് നേരാ." അവൾ പിറുപിറുത്തു.
രാമഭദ്രന്റെ ബന്ധുക്കളെ താൻ വളരെ തന്ത്രപൂർവമാണ് അയാളിൽ നിന്ന് അടർത്തിയെറിഞ്ഞതെന്ന് അവൾ ഓർത്തു.
തന്നെ അവർക്കാർക്കും ഇഷ്ടമല്ലായിരുന്നു എന്നതുതന്നെ കാര്യം.
''പാഞ്ചാലിക്ക് എല്ലാ വിഷയത്തിനും എ പ്ളസ് കിട്ടിയെന്ന് നമ്മൾ നെറ്റു വഴി അറിഞ്ഞല്ലോ.. കുറച്ചുകഴിഞ്ഞ് ഒന്നും അറിയാത്ത ഭാവത്തിൽ നീ അവളെ സമീപിക്കണം. അവളുടെ വിജയത്തിൽ ഒരുപാട് സന്തോഷിക്കുന്നതായി അഭിനയിക്കണം. പിന്നെ വേണ്ടതൊക്കെ ഞാൻ പറഞ്ഞുതരാം."
ചന്ദ്രകല തലയാട്ടി.
നാൽപ്പതു കഴിഞ്ഞെങ്കിലും ചന്ദ്രകലയെ കണ്ടാൽ ഇപ്പോഴും മുപ്പതിൽ കൂടുതൽ തോന്നില്ല.
വെളുത്ത് തുടുത്ത ഒരു മദാലസ. കാന്തം പിടിപ്പിച്ചതു പോലെയുള്ള അവളുടെ കണ്ണുകളിൽ ഒന്നു നോക്കിയാൽ നോക്കുന്നവരുടെ കരൾ പിടയും. അത്രയ്ക്കു ശക്തിയാണ്.
അവൾ പിന്നെയും പ്രജീഷുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പാഞ്ചാലി അടുക്കളയിൽ എത്തിയിരുന്നു.
ഉച്ചഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു ജോലിക്കാരി സുധാമണി.
''സുധേടത്തീ.. ദാഹിക്കുന്നു."
പാഞ്ചാലി അവരുടെ അടുത്തെത്തി.
''നാരങ്ങാവെള്ളം മതിയോ അതോ ടാങ്ക് കലക്കിത്തരണോ?"
സുധാമണി തിരിഞ്ഞു.
അറുപതു വയസു കാണും സുധാമണിക്ക്. പ്രായത്തിന്റേതായ ബുദ്ധിമുട്ടുകൾ അല്പാല്പം ഉണ്ട്.
''നാരങ്ങാവെള്ളം മതി."
പാഞ്ചാലി അവിടെ കിടന്ന കസേരയിൽ ഇരുന്നു. പിന്നെ ചുരിദാറിന്റെ ടോപ്പിനുള്ളിലേക്ക് ഒന്ന് ഊതി.
''എന്തൊരു ചൂടാരുന്നു പുറത്ത്..."
സുധാമണി ഒരു നാരങ്ങയെടുത്ത് മിക്സിയുടെ ജാറിനുള്ളിലേക്ക് പിഴിഞ്ഞൊഴിച്ചു. തുടർന്ന് ഒരു കഷണം ഇഞ്ചിയും പകുതി പച്ചമുളകും പഞ്ചസാരയും കൂടിയിട്ടു.
മിക്സിയിൽ വച്ച് പത്തു സെക്കന്റ് അടിച്ചു. ശേഷം നീളൻ ഗ്ളാസിലേക്ക് അരിച്ചൊഴിച്ചു.
ഇങ്ങനെ ലൈം ജ്യൂസ് ഉണ്ടാക്കുന്നതാണ് പാഞ്ചാലിക്ക് ഇഷ്ടമെന്ന് സുധാമണിക്ക് അറിയാം.
ഒറ്റ വലിക്ക് അതു മുഴുവൻ കുടിച്ചു തീർത്തു പാഞ്ചാലി. പിന്നെ ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖം തുടച്ചു.
''ചേടത്തീ. എനിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ഉണ്ട്."
അവൾ അറിയിച്ചു.
''അതേയോ?" സുധാമണിയുടെ കണ്ണുകൾ വികസിച്ചു. ''അറിഞ്ഞപ്പോൾ മമ്മി എന്തു പറഞ്ഞു?"
പാഞ്ചാലിയുടെ മുഖം മ്ളാനമായി.
''ഞാൻ ഊഹിച്ചു. '' സുധാമണി പിറുപിറുത്തു. ''പ്രജീഷ് അവിടെയുണ്ട് അല്ലേ?"
പാഞ്ചാലി മൂളി.
''അയാളെപ്പഴാ വന്നത്?"
''മോള് സ്കൂളിൽ പോയിക്കഴിഞ്ഞപ്പം.."
''അയാളെന്തിനാ ഇങ്ങനെ വരുന്നത്?"
പാഞ്ചാലിയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല സുധാമണി.
''എന്നോട് മമ്മിയെന്താ ചേടത്തീ ഇങ്ങനെ സ്നേഹമില്ലാതെ പെരുമാറുന്നത്? ഓരോ അമ്മമാർ മക്കളെ സ്നേഹിക്കുന്നതു കാണുമ്പം കൊതി തോന്നിയിട്ടുണ്ട്."
പാഞ്ചാലിയുടെ കണ്ഠമിടറി.
''ഒരു തവണ പോലും മമ്മി എന്നോട് സന്തോഷത്തോടെ വർത്തമാനം പറഞ്ഞിട്ടില്ല...."
സ്വന്തം മോള് അല്ലാത്തതുകൊണ്ടാവും." അറിയാതെ പറഞ്ഞുപോയി സുധാമണി.
പാഞ്ചാലി നടുങ്ങി.
(തുടരും)