madhupan-si

കല്ലറ: 'സുപ്രഭാതം...സുപ്രഭാതം...നീലഗിരിയുടെ സഖികളെ ... ജ്വാലാ മുഖികളെ ..." പഴയ കാല ചലച്ചിത്ര ഗാനങ്ങൾ എന്നാൽ കല്ലറ മധുപ വിലാസത്തിൽ മധുപൻ എന്ന സബ് ഇൻസ്‌പെക്ടർക്ക് ജീവനല്ല അതിനുമപ്പുറമാണ്.

സംഗീതമല്ല അത് ആസ്വദിയ്ക്കുന്ന രീതിയാണ് മധുപനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. പാട്ടുകളുടെ പഴമ നിലനിർത്താൻ അവ ഇറങ്ങിയ കാലത്തുള്ള ഉപകരണങ്ങളിലൂടെ ആസ്വദിയ്ക്കുകയാണ് മധുപന്റെ രീതി.

അത് എങ്ങനെയെന്നല്ലേ ? പതിനയ്യായിരത്തിലധികം വരുന്ന പഴയ ചലച്ചിത്ര ഗാനങ്ങളുടെ ശേഖരം മധുപന്റെ പക്കലുണ്ട്. എഴുപത് വർഷത്തിലധികം പഴക്കമുള്ള ഗാനങ്ങളുമുണ്ട് അക്കൂട്ടത്തിൽ.

ഗാനങ്ങൾ ഇറങ്ങിയ കാലത്തുള്ള ഒർജിനൽ റെക്കാർഡുകളാണ് (പ്ളേറ്റുകൾ) ഇവയിൽ അധികവും. ഒപ്പം അവ പ്രവർത്തിപ്പിക്കാനുള്ള മൂന്നൂറിൽപരം പഴയകാല ഉപകരണങ്ങളുമുണ്ട്.

വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഗ്രാമഫോണുകൾ, വൈദ്യുതി ഉപയോഗിച്ചുള്ള റെക്കോഡ് പ്ളേയറുകൾ. പ്ളേറ്റുകളോ കാസറ്റുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്പൂളുകൾ, ഒരു പതിറ്റാണ്ട് മുമ്പ് നമുക്ക് സുപരിചിതമായിരുന്ന ആഡിയോ,വീഡിയോ കാസറ്റുകൾ, ടേപ്പ് റെക്കോഡുകൾ എന്നിങ്ങനെ പോകുന്നു ശേഖരത്തിൽ. ഭാവഗായകൻ ജയച്ചന്ദ്രന്റെ കടുത്ത ആരാധകൻ കൂടിയാണ് മധുപൻ.

പഴയകാല ചലച്ചിത്രഗാനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടിയുള്ള യാത്രയിലാണ് മധുപൻ. എവിടെയെങ്കിലും ഒരു പഴയ മലയാള സിനിമാ റെക്കോഡോ, കാസറ്റോ ഉണ്ടെന്നറി‌‌‌‌‌ഞ്ഞാൽ അവിടെയെത്തും. എന്തുവിലകൊടുത്തും സ്വന്തമാക്കും. അപൂർവ്വ ഗാനങ്ങളുടെ ശേഖരങ്ങൾ കാണാനും ആസ്വദിക്കാനും നിരവധി പേർ മധുപന്റെ വീട്ടിൽ എത്താറുണ്ട്. ഒരിയ്ക്കൽ സു‌ഹൃത്തുക്കൾ ചേർന്ന് മധുപന്റെ പക്കലുള്ള അമൂല്യ ശേഖരങ്ങളുടെ പൊതു പ്രദർശനവും നടത്തി. വീട്ടിൽ കുട്ടിക്കാലം മുതലേയുള്ള റേഡിയോയാണ് സംഗീതത്തോട് തന്നെ അടുപ്പിച്ചതെന്ന് തിരുവനന്തപുരം പാലോട് പൊലീസ് സ്റ്രേഷനിലെ എസ് എെയായ മധുപൻ പറയുന്നു. കാക്കിക്കുള്ളിലെ ഈ കലാകാരന് കൂട്ടായി ഭാര്യയും രണ്ട് മക്കളും ഒപ്പമുണ്ട്.