water

മലയിൻകീഴ്: ഗ്രാമീണ മേഘലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. കിണറുകളും ജല ശ്രോതസുകളും വറ്റി വരണ്ടതോടെ പൈപ്പ്‌വെള്ളത്തെ ആശ്രയിച്ചാണ് ജനങ്ങൾ കഴിയുന്നത്. എന്നാൽ പൈപ്പ് വെള്ളത്തിനും ഇപ്പോൾ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് നാട്ടുകാർ. കുടിവെള്ളം കിട്ടിയാൽ തന്നെ ഏതാനും മണിക്കൂറുകൾ മാത്രമാണ് ലഭിക്കുക. അതും പലപ്പോഴും വരുന്നത് മലനജലമാണെന്നും ആക്ഷേപമുണ്ട്. പല പ്രദേശങ്ങളിലും പൈപ്പ് വെള്ളം കിട്ടാറില്ലെങ്കിലും പൈപ്പുകൾ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് ഇവിടുത്തെ നിത്യ സംഭവമാണ്. ആദ്യം പൊട്ടിയ ഭാഗം അടച്ചെങ്കിലും പിന്നീട് വീണ്ടും അതേ ഭാഗം തന്നെ പൊട്ടും. ഇക്കാര്യം വാട്ടർ അതോറിട്ടിയെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. മലയിൻകീഴ്, തച്ചോട്ടുകുന്ന്, തറട്ടവിള, ശാന്തുമൂല,

ആൽത്തറ, പാലോട്ടുവിള, കരിപ്പൂര്, തച്ചോട്ടുകാവ് എന്നീ മലയിൻകീഴ് പഞ്ചായത്ത്
പ്രദേശങ്ങളിലും ഊരൂട്ടമ്പലം, പോങ്ങുംമൂട്, ചീനിവിള, അരുമാളൂർ, പ്ലാവിള, കണ്ടള, കരിങ്ങൽ, തൂങ്ങാംപാറ, മാവുവിള
എന്നീ മാറനല്ലൂർ പഞ്ചായത്തിൽ മേപ്പൂക്കട, അരുവിക്കര പമ്പ് ഹൗസിൽ നിന്നാണ് കുടി വെള്ളമെത്തേണ്ടത്. അരുവിക്കര(പുന്നാവൂർ)പമ്പിംഗ് സ്റ്റേഷനിൽ കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഉണ്ടെങ്കിലും വെള്ളമെത്താറില്ല. പമ്പിംഗ് യന്ത്രത്തിന്റെ തകരാർ തീർന്നില്ലെന്ന മറുപടി പറഞ്ഞ് അധികൃതർ തടിതപ്പുകയാണ്. ടാങ്കറിലും മറ്റുമായി കുടി വെള്ളം എത്തിക്കുമെന്ന പ്രതീക്ഷയിൽ പാത്രങ്ങൾ
നിരത്തി കാത്തിരിയ്ക്കുകയാണ് പഞ്ചായത്തിലെ ജനങ്ങൾ. എന്നാൽ ടാങ്കറിൽ വെള്ളവും എത്താറില്ല. കുടിവെള്ള മില്ലാത്തതിനാൽ പല ഹോട്ടലുകളും ബേക്കറികളും പ്രവർത്തിക്കാതായി. കുടിവെള്ള ക്ഷാമത്തിന് അടിയന്തിര
പരിഹാരമുണ്ടാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.