ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പിൽ നമ്മുടെ മമ്മൂട്ടിയുടെ സിനിമയും സജീവ ചർച്ചാവിഷയമാണ്. പിന്നെ സംവിധായകൻ രാംഗോപാൽ വർമ്മയുടെ ചിത്രവും. രണ്ട് സിനിമകളും അതുണ്ടാക്കുന്ന തരംഗവും കൂടി നിർണായകമാകും പാർലമെന്റിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകൂടി നടക്കുന്ന ആന്ധ്രയിൽ. വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മുഖ്യമന്ത്രി കസേരയിലേക്കുള്ള യാത്രയാണ് മമ്മൂട്ടി ചിത്രമായ 'യാത്ര"യിലെ ഇതിവൃത്തം. ചിത്രം ഇതിനകം ഹിറ്റായി കഴിഞ്ഞു. ചിത്രത്തിൽ വൈ.എസ്.ആറിന്റെ റോൾ മനോഹരമാക്കിയത് മമ്മൂട്ടി. എൻ.ടി.ആറിന്റെ ജീവിത്തിലെ ചില സന്ദർഭങ്ങൾ ഉൾപ്പെടുന്നതാണ് രാംഗോപാൽ വർമ്മ ഒരുക്കിയ 'ലക്ഷ്മീസ് എൻ.ടി.ആർ " . യാത്ര വിജയിച്ചതോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അത് ഭീഷണിയായി. തെലുങ്കുദേശം പാർട്ടി രൂപീകരിച്ച എൻ.ടി. രാമറാവുവിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള സിനിമയാണ്. പക്ഷെ, തെലുങ്കുദേശത്തിന്റെ ഇപ്പോഴത്തെ നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് വില്ലൻ മുഖമാണ് ഈ സിനിമ നൽകുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്യാൻ നിശ്ചിയിച്ചിരുന്ന ചിത്രത്തിന്റെ പ്രദർശനം ഹൈക്കോടതി അടുത്ത മാസം മൂന്നു വരെ സ്റ്റേ ചെയ്തതാണ് ടി.ഡി.പിക്ക് ആശ്വാസം നൽകിയത്. തെലുങ്കുദേശത്തിനു വേണ്ടി എൻ.ടി.ആറിന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം കഥാനായികുഡു ബോക്സ് ഓഫീസിൽ വൻപരാജയമായി. എൻ.ടി.ആറിന്റെ മകൻ ബാലകൃഷ്ണയായിരുന്നു ചിത്രത്തിലെ നായകൻ.
തമിഴ്നാടിനെ പോലെ പ്രാദേശിക രാഷ്ട്രീയമാണ് ആന്ധ്രയിലും പയറ്റുന്നത്. വൈ.എസ്.ആർ കോൺഗ്രസ് രൂപമെടുത്തതോടെ കോൺഗ്രസ് സംസ്ഥാനത്ത് ഏതാണ്ട് ഇല്ലാതായി. കഴിഞ്ഞ തവണ തെലുങ്കുദേശത്തോടൊപ്പം നിന്ന ബി.ജെ.പി ഇക്കുറി ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. നിലവിലെ ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയും(ടി.ഡി.പി) മുഖ്യപ്രതിപക്ഷമായ വൈ.എസ്.ആർ കോൺഗ്രസും തമ്മിലാണ് ആന്ധ്രയിൽ പ്രധാന മത്സരം. 1998 ൽ 12 സീറ്റും 1999–ൽ 29 സീറ്റും നേടിയ ടി. ഡി. പി 2004 ൽ അഞ്ചും 2009 ൽ ആറും സീറ്റുകളിൽ ഒതുങ്ങി. സംസ്ഥാന വിഭജനത്തെ തുടർന്ന് ലോക്സഭാ സീറ്റുകളുടെ എണ്ണം 25 ആയി ചുരുങ്ങിയ സംസ്ഥാനത്ത് 2014 ൽ 15 സീറ്റുകൾ ടി.ഡി.പി നേടി.
നേടിയെടുക്കുമോ ജഗൻമോഹൻ റെഡ്ഡി?
ചന്ദ്രബാബു നായിഡുവിന്റെ ഭരണ പാളിച്ചകൾ അക്കമിട്ട് നിരത്തിയാണ് ജഗൻമോഹൻ റെഡ്ഡി വൈ.എസ്.ആർ കോൺഗ്രസിനായി വോട്ടു തേടുന്നത്. അതിസമ്പന്നനായ ജഗൻ സാധാരണക്കാരന്റെ പരിവേഷമിട്ടാണ് ജനങ്ങൾക്കിടയിലേക്കിറങ്ങുന്നത്. പുരോഗതി എത്തിനോക്കാത്ത പുളിയവെന്തുമലെയിൽ നിന്നാണ് ജനവിധി തേടുന്നത് . മുഖ്യമന്ത്രിയായിരിക്കെ 2009 സെപ്തംബറിൽ വൈ.എസ്.രാജശേഖര റെഡ്ഡി ഹെലികോപ്ടർ അപകടത്തിൽ മരിച്ചപ്പോൾ മുഖ്യമന്ത്രി പദത്തിനായി രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡി ഉന്നയിച്ച അവകാശവാദം കോൺഗ്രസ് തള്ളി. ധനകാര്യമന്ത്രി കെ. റോസയ്യയെയാണ് മുഖ്യമന്ത്രിയാക്കിയത്. 2011ൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി രൂപീകരിച്ചുകൊണ്ടായിരുന്നു ജഗൻമോഹന്റെ മറുപടി. പാർട്ടി മത്സരിച്ച ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ (2014) നേടിയത്. എട്ടു സീറ്റുകൾ.
ചന്ദ്രബാബു നായിഡുവിന്റെ സർക്കാരിനെതിരെ ആന്ധ്രയുടെ ഗ്രാമങ്ങളിലൂടെ വൈ.എസ്.രാജശേഖര റെഡ്ഡി നടത്തിയ 1500 കിലോമീറ്റർ പദയാത്രയെ ആസ്പദമാക്കിയുള്ളതാണ് മമ്മൂട്ടിയുടെ 'യാത്ര'. ചിത്രത്തിന്റെ റീലീസിനു മുമ്പെ ജഗൻ മോഹൻ റെഡ്ഡി മറ്റൊരു പദയാത്ര നടത്തിയത് സിനിമ കൂടുതൽ അനുകൂലമാക്കാനാണ്. കോൺഗ്രസ് ഹൈക്കമാൻഡിനെ കണക്കിന് വിമർശിക്കുന്നതു കൂടിയാണ് സിനിമ.
വൈ.എസ്.ആറിന്റെ ഇളയ സഹോദരനും മുൻ മന്ത്രിയുമായ വൈ.എസ്.വിവേകാനന്ദ റെഡ്ഡിയെ മാർച്ച് 15 ന് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും പ്രചാരണ വിഷയമായി ഉയർന്നു കഴിഞ്ഞു.സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് വൈ.എസ്.ആർ കോൺഗ്രസിന്റെ ആവശ്യം. റോജ ഉൾപ്പെടെയുള്ള ചലച്ചിത്രതാരങ്ങളും വൈ.എസ്.ആർ കോൺഗ്രസിന്റെ സ്ഥാനാർത്ഥിപട്ടികയിലുണ്ട്.
കോൺഗ്രസ് മുഖം വീണ്ടെടുക്കുമോ?
യു.പി.എ സർക്കാരിനെ 2004ലും 2009ലും അധികാരത്തിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ചത് അവിഭക്ത ആന്ധ്രപ്രദേശിലെ കോൺഗ്രസിന്റെ മുന്നേറ്റമാണ്. 2004 ൽ 29 സീറ്റും 2009 ൽ 33 സീറ്റും നേടിയിരുന്നു. 2009 ൽ മുഖ്യമന്ത്രി വൈ.എസ്.ആറിന്റെ മരണവും 2013 ലെ സംസ്ഥാന വിഭജനവും ജഗനെ പിണക്കിയതും പാർട്ടിയെ തളർത്തി. 2014ൽ ഒരു സീറ്റുപോലും നേടാത്ത ദയനീയ അവസ്ഥയിലെത്തി. ഈ അവസ്ഥയിൽ നിന്നും പാർട്ടിയെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് ഉമ്മൻചാണ്ടിയാണ്.
മുൻമുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡിയുൾപ്പെടെ ചിലരെ പാർട്ടിയിൽ തിരിച്ചെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭരണകക്ഷിയായ ടി.ഡി.പിയുമായി ദേശീയ തലത്തിൽ സഖ്യമുണ്ടെങ്കിലും സംസ്ഥാനത്ത് തിരഞ്ഞെടുപ്പുസഖ്യം വേണ്ടെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ജഗൻമോഹൻ റെഡ്ഡിയെ കോൺഗ്രസിലേക്ക് തിരിച്ചുകൊണ്ടു വരാൻ ഉമ്മൻചാണ്ടി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ബി.ജെ.പിക്ക് എന്തു കിട്ടും?
ടി.ഡി.പിയുമായുള്ള സഖ്യത്തിലൂടെയാണ് ബി.ജെ.പി നേട്ടം ഉണ്ടാക്കിയിട്ടുള്ളത്. 1998 ൽ നാലും 1999 ൽ ഏഴും സീറ്റുകൾ നേടിയ ബി.ജെ.പിക്ക് 2004 ലും 2009 ലും ഒരു സീറ്റു പോലും നേടാനായില്ല. 2014 ൽ മോദി തരംഗത്തിലും കിട്ടിയത് രണ്ടു സീറ്റ്. കഴിഞ്ഞ വർഷം എൻ.ഡി.എ മുന്നണി ടി.ഡി.പിയുടെ വിട്ടത് ബി.ജെ.പിക്കു കനത്ത തിരിച്ചടിയായി. വൈ.എസ്.ആർ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനും കഴിഞ്ഞില്ല. ഒറ്റയ്ക്കു മത്സരിക്കുകയാണിപ്പോൾ.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം
ടി.ഡി.പി 15
വൈ.എസ്.ആർ കോൺ 8
ബി.ജെ.പി 2
കോൺഗ്രസ് 0
ആകെ 25
നിയമസഭയിലെ കക്ഷിനില
ടി.ഡി.പി 100
വൈ.എസ്.ആർ.കോൺ 66
ബി.ജെ.പി 3
നവോദയം 1
സ്വതന്ത്രൻ 1
നോമിനേറ്റഡ ് 1
ഒഴിവുള്ളത് 4
ആകെ 176