തമാശയ്ക്ക് പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ് ഒരു തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടു പോവുക എന്നത്. എന്നാലിത് ശരിക്കും സംഭവിച്ചു. അതിലേറെ അത്ഭുതം തിമിംഗലത്തിന്റെ വായിലകപ്പെട്ടയാൾ തിരിച്ചെത്തി എന്നതാണ്. ഇതിന്റെ ദൃശ്യം അടങ്ങുന്ന വീഡിയോ വൈറലായി. ദക്ഷിണാഫ്രിക്കയിലെ മുങ്ങൽ വിദഗ്ദ്ധനും കാമറമാനുമായ റെയ്നർ ഷിംഫാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ആഫ്രിക്കയിൽ നിന്നും 24 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് സംഭവം നടന്നത്. റെയ്നർ തന്റെ സംഘാംഗങ്ങൾക്കൊപ്പം മത്സ്യക്കൂട്ടങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുകയായിരുന്നു. ആ സമയത്താണ് മത്സ്യക്കൂട്ടങ്ങളെ അകത്താക്കാൻ തിമിംഗലം പ്രത്യക്ഷപ്പെട്ടത്. മത്സ്യങ്ങളോടൊപ്പം തിമിംഗലത്തിന്റെ വായിൽ റെയ്നറും അകപ്പെട്ടു. താൻ തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടതായി സെക്കന്റുകൾക്കുള്ളിൽ മനസിലാക്കിയ റെയ്നർ തിമിംഗലം വായ തുറന്നതും രക്ഷപ്പെട്ടു. സഹപ്രവർത്തകനായ ഹെൻസ് ടോപ്പിൻസർ ഈ സമയത്ത് ഇതെല്ലാം കാമറയിൽ പകർത്തുന്നുണ്ടായിരുന്നു. പക്ഷേ റെയ്നർ തിമിംഗലത്തിന്റെ വായിലകപ്പെട്ട നിമിഷം സംഘാംഗങ്ങൾ പകച്ചുപോയി. 49 അടിയോളം വലിപ്പമുള്ള തിമിംഗലത്തിന്റെ വായിലകപ്പെട്ട റെയ്നർ പോറലൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. തിമിംഗലത്തിന്റെ വായിൽ നിന്നും പുറത്ത് വന്ന റെയ്നർ ആദ്യം പറഞ്ഞതെന്തായിരിക്കും? 'സംഭവത്തിന്റെ ഫോട്ടോ കിട്ടിയോ' എന്നായിരുന്നു ആ ചോദ്യം.