ബഹിരാകാശ യുദ്ധത്തിന്റെ സാദ്ധ്യതയുടെ തലങ്ങളിലൂടെയുള്ള പരീക്ഷണത്തിനൊടുവിൽ ഉപഗ്രഹ വേധ മിസൈൽ ശക്തി വിജയകരമായി പരീക്ഷിച്ചുകൊണ്ട് ഇന്ത്യ ലോകത്തെ ഇത്തരത്തിലുള്ള നാലാമത്തെ രാജ്യമായി തീർന്നിരിക്കുന്നു. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ ഉപഗ്രഹവേധ മിസൈൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ. 300 കിലോമീറ്റർ ഉയരത്തിൽ ബഹിരാകാശത്തിലെ പ്രവർത്തനക്ഷമമായ ഇന്ത്യയുടെ തന്നെ ഉപഗ്രഹത്തെ വളരെ കൃത്യതയോടെയുള്ള പരീക്ഷണത്തിലൂടെ തകർത്തുകൊണ്ടാണ് ഇന്ത്യയുടെ ബഹിരാകാശായുധ ശക്തിയുടെ സാന്നിദ്ധ്യം ലോകത്തെ അറിയിച്ചത്. ഡി..ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ ബഹിരാകാശ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ആന്റി സാറ്റ്ലൈറ്റ് (എ.സാറ്റ്) മിസൈൽ പരീക്ഷിച്ചത് കേവലം മൂന്ന് മിനിട്ടു കൊണ്ടാണെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചപ്പോൾ നമ്മുടെ ബഹിരാകാശശാസ്ത്രജ്ഞരുടെ കഴിവിൽ രാജ്യത്തെ ഓരോ പൗരനും അഭിമാനം കൊള്ളുന്ന നിമിഷമായിരുന്നു. ''മിഷൻ ശക്തി'' എന്നു പേരിട്ട ഈ പരീക്ഷണം ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ അറിയിക്കുന്നതായിരുന്നു.
ആദ്യം അമേരിക്കയും പിന്നീട് റഷ്യയും ആണ് ഉപഗ്രഹവേധമിസൈൽ പരീക്ഷണത്തിന് തയ്യാറായത്. എന്നാൽ 2007-ൽ ചൈനയും ബഹിരാകാശയുദ്ധത്തിന് തയ്യാറായി, ഉപഗ്രവേധമിസൈൽ പരീക്ഷിച്ചപ്പോൾ ഇന്ത്യ അസ്വസ്ഥമായി. എന്നും ഇന്ത്യയുടെ സ്വസ്ഥത തകർക്കുന്ന പാകിസ്ഥാന്റെ ഏത് നടപടിക്കും പരസ്യമായും രഹസ്യമായും പിന്തുണ നൽകുന്ന ചൈന അത്തരത്തിലൊരു തീരുമാനെടുക്കുമ്പോൾ രാജ്യസുരക്ഷ കാത്തു സൂക്ഷിക്കേണ്ടത് ഓരോ ഭരണാധികാരിയുടെയും ഉത്തരവാദിത്വമാണ്. അത്തരത്തിൽ രാജ്യസുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യറാവാത്ത ഭരണാധികാരികളായിരുന്നു ജവഹർലാൽ നെഹ്റു മുതൽ നരേന്ദ്രമോദി വരെയുള്ള ഭാരതത്തിലെ പ്രധാനമന്ത്രിമാർ, അവരുടെ നിയന്ത്രണത്തിലും നിർദ്ദേശത്തിലും നമ്മുടെ ശാസ്ത്രജ്ഞർ കാലാകാലങ്ങളിൽ വികസിപ്പിച്ചെടുത്ത ആയുധശേഖരമാണ് രാജ്യത്തിന്റെ സുരക്ഷയും ശക്തിയും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ഈ വിജയം രാജ്യത്തെ അറിയിക്കുമ്പോൾ പ്രത്യേകം പരാമർശിച്ച ഒരു സംഗതി ശ്രദ്ധേയമാണ്. ഒരു രാജ്യത്തിനെതിരെയും മിസൈൽ ഉപയോഗിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. സ്വയം രക്ഷയ്ക്കുവേണ്ടിയുള്ള പ്രതിരോധ നീക്കം മാത്രമാണിത്. യാതൊരു അന്താരാഷ്ട്ര കരാറുകളുടെയും ലംഘനവുമല്ല ഇന്ത്യ നടത്തിയ പരീക്ഷണം എന്നും അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന സാങ്കേതിക വിദ്യയുടെ കടന്നുവരവിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഉപഗ്രഹവേധ മിസൈൽ പരീക്ഷണം. പാക്ക് സർക്കാർ സഹായത്തോടെ ഭീകരവാദികൾ ഇന്ത്യയിൽ വലിയ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ നിരന്തരം ശ്രമം നടത്തുകയും അതിലൂടെ എന്നും ഒരു യുദ്ധഭീതി നിലനിൽക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ കോടാനുകോടി രൂപ പ്രതിരോധ പ്രവർത്തനത്തിനുവേണ്ടി നീക്കിവയ്ക്കേണ്ടി വരുന്നു. പാകിസ്ഥാന് എല്ലാവിധ സഹായവുമായി നമ്മുടെ അതിർത്തിയിൽ നിൽക്കുന്ന ചൈന ഇത്തരത്തിൽ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം നടത്തുമ്പോൾ ശക്തമായ പ്രതിരോധത്തിന്റെ ഭാഗമായി വേണം നാം നടത്തിയ പരീക്ഷണത്തെ കാണുവാൻ. ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തെയും അസ്വസ്ഥമാക്കുവാനുള്ള നിലപാടുള്ള രാജ്യമല്ല എന്നുള്ളത് ലോകത്തിന് മുഴുവൻ അറിയുന്നതാണ്. ഒരു തരത്തിലുമുള്ള ഭീകരപ്രവർത്തനത്തിനും നേതൃത്വം കൊടുക്കുകയോ സഹായം ചെയ്യുകയോ ചെയ്യുന്ന രാജ്യമല്ല എന്നുമറിയാം. അപ്പോൾ തീർച്ചയായും നമ്മുടെ രാജ്യത്തിന്റെ സ്വയരക്ഷയ്ക്കുവേണ്ടിയുള്ള ഉപഗ്രഹവേധ മിസൈൽ പരീക്ഷണം സംശയത്തോടെ കാണാൻ ആർക്കും കഴിയുകയില്ല.
അതിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദം കേവലം തിരെഞ്ഞെടുപ്പ് സ്റ്റണ്ടായി മാത്രം കണ്ടാൽ മതി. ഇപ്പോൾ ഈ കാര്യം ആര് പറഞ്ഞു, എന്തിനു പറഞ്ഞു, എപ്പോൾ പറഞ്ഞു എന്നുള്ളതൊക്കെ പരിശോധിക്കാൻ തിരെഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവാദിത്വപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിൻ മേൽ മാധ്യമങ്ങളും രാഷ്ട്രീയ വിശാരദൻമാരും നടത്തുന്ന പ്രകടനം ഗൗരവകരമായി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരിൽ നിന്നും പ്രതീക്ഷിക്കുന്നതല്ല. ഇത്തരം അഭിപ്രായപ്രകടനങ്ങളിലും ചർച്ചകളിലും മയങ്ങി മത്തടിച്ച് വോട്ടു ചെയ്യുന്നവരല്ല നമ്മുടെ വോട്ടർമാർ. അവർക്ക് കൃത്യമായ രാഷ്ട്രീയവും വ്യക്തമായ ലക്ഷ്യവുമുണ്ട്. ആദരിക്കപ്പെടേണ്ടവരെ ആദരിക്കാനും നിരാകരിക്കപ്പെടേണ്ടതിനെ നിരാകരിക്കാനുമുള്ള ജനാധിപത്യ ബോധമാണ് നമ്മുടെ വിജയം. ഉപഗ്രഹവേധ മിസൈൽ ഉൾപ്പെടെ രാജ്യത്തിന്റെ ആയുധ ശേഖരം വികസിപ്പിച്ച ശാസ്ത്രജ്ഞർക്കും അതിനെ കാലാകാലങ്ങളിൽ നയത്തിന്റെയും സുരക്ഷയുടെയുംഅടിസ്ഥാനത്തിൽ തീരുമാനമെടുത്ത ഭരണനേതൃത്വത്തിനും ബിഗ് സല്യൂട്ട്.