നമ്മെ സങ്കടപ്പെടുത്തുന്ന പലതുമുണ്ടെങ്കിലും കൊച്ചുകുട്ടികളോട് മുതിർന്നവർ ചെയ്യുന്ന ക്രൂരതകളാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. ദേഹോപദ്രവം, ലൈംഗികാതിക്രമം, മാനസിക പീഡനങ്ങൾ തുടങ്ങി, കുട്ടികൾ എന്ന 'നിസഹായരോട് ' ചെയ്യുന്ന ക്രൂരതകൾ ഏറ്റവും അധമമാണ്. അത് ചെയ്യുന്നത് പലപ്പോഴും കുട്ടികളെ സംരക്ഷിക്കേണ്ടവർ തന്നെയാണെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു.
ഏറ്റവുമൊടുവിൽ എന്റെ വീടിനടുത്തുള്ള മൂവാറ്റുപുഴയിൽ നിന്നുമാണ് മനസാക്ഷിയെ നടുക്കിയ ഒരു ക്രൂരകൃത്യത്തെപ്പറ്റി കേട്ടത്. നാല് വയസുള്ള അനിയൻ കിടക്കയിൽ മൂത്രമൊഴിച്ചതിന് ഏഴു വയസുകാരനെ അമ്മയുടെ കൂട്ടുകാരൻ ക്രൂരമായി മർദ്ദിച്ചു. കുട്ടിയുടെ കാഴ്ച്ച നഷ്ടപ്പെട്ടെന്നും അവൻ ജീവനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലാണെന്നുമാണ് വായിച്ചത്. കുറ്റകൃത്യം ചെയ്ത നരാധമനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ ചികിത്സയും സംരക്ഷണവും സർക്കാർ ഏറ്റെടുത്തു.
കുട്ടികളോടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിൽ കേരളം മുന്നോട്ട് പോയിട്ടുണ്ട്. ചൈൽഡ് ലൈൻ നിലവിലായതോടെ കുട്ടികളോടുള്ള ക്രൂരതകളും ലൈംഗിക പീഡനങ്ങളും പുറത്തു വരുന്നുണ്ട്. എങ്കിലും മൂവാറ്റുപുഴയിലേതു പോലുള്ള അക്രമങ്ങൾ ആവർത്തിക്കപ്പെടുന്നു.
കട്ടപ്പനയിലാണ് അഞ്ചു വയസുകാരൻ ഷെഫീക്കിനെ അച്ഛനും രണ്ടാനമ്മയും കൂടി ഉപദ്രവിച്ചു ജീവച്ഛവമാക്കിയത്. കോഴിക്കോട്ട് അദിതി എന്നൊരു കുട്ടി പീഡനങ്ങളേറ്റ് സ്വന്തം വീട്ടിൽ കൊല്ലപ്പെട്ടു. റോഡിലും സിനിമാ തീയേറ്ററിലും സദാചാരം അന്വേഷിക്കുന്നവരുള്ള കേരളത്തിൽ എന്തുകൊണ്ടാണ് കുട്ടികൾ പീഡിപ്പിക്കപ്പെടുന്നത് ആരും ചോദ്യം ചെയ്യാത്തത്?
ഇരകളായ കുട്ടികളെ ദത്തെടുത്തും മാതാപിതാക്കളെ ജയിലിലടച്ചും തീർക്കാവുന്ന വിഷയമല്ലിത്. കുട്ടികളെ ഉപദ്രവിക്കുന്നതിനോട് നമുക്ക് 'സീറോ ടോളറൻസ് ' വേണം. ഏത് കുഞ്ഞിനോടും ആര് അക്രമം ചെയ്യുന്നത് കണ്ടാലും ഉടൻ അധികാരികളെ അറിയിക്കാൻ തോന്നണം. അവരെ നിയമത്തിന്റെ മുന്നിലെത്തിക്കണം, നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഏറ്റവും വേഗത്തിൽ നടപ്പാക്കണം. അക്രമത്തിന്റെ സാഹചര്യമുണ്ടെങ്കിലോ ഉണ്ടെന്ന് സംശയം തോന്നിയാലോ ഉടൻ കുട്ടികളെ സുരക്ഷിതമാക്കി മാറ്റിപ്പാർപ്പിക്കാൻ സംവിധാനമുണ്ടാക്കണം. ആക്രമിക്കപ്പെട്ട കുഞ്ഞിന്റെ അമ്മ ബിടെക്ക് ബിരുദധാരി ആണത്രേ. കുട്ടികളുടെ അവകാശങ്ങളെയും സംരക്ഷണ സംവിധാനങ്ങളെയും കുറിച്ച് വിദ്യാസമ്പന്നർക്ക് പോലും അറിവില്ലെങ്കിൽ പിന്നെങ്ങനെയാണ് കുട്ടികൾ സുരക്ഷിതരാവുന്നത് ? എന്നാണ് എല്ലാ കുട്ടികൾക്കും സ്വന്തം വീട്ടിൽ സമാധാനത്തോടെ കിടന്നുറങ്ങാനാവുന്നത് ? അഞ്ചു വർഷം മുൻപ് ഷെഫീക്കിന്റെ വിഷയമെഴുതിയ അതേ സ്ഥിതിയാണ് ഇപ്പോഴും. അന്നൊരു കമ്മിറ്റി ഉണ്ടാക്കിയിരുന്നു. എന്തായിരുന്നു കമ്മിറ്റിയുടെ റിപ്പോർട്ട് ? അതിന് ശേഷം എന്ത് നിയമങ്ങളും നിയന്ത്രണങ്ങളുമാണുണ്ടായത് ?
കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നിയമങ്ങൾക്ക് കുറവൊന്നുമില്ല. 1890 ലെ 'ഗാർഡിയൻസ് ആന്റ് വാർഡ്‌സ് ' ആക്ട് മുതൽ 2005 ലെ കുട്ടികൾക്കു വേണ്ടിയുള്ള കമ്മിഷൻ നിയമിക്കുന്ന നിയമം വരെ, പുരോഗമനപരമായ നിയമങ്ങളുടെ പരമ്പര തന്നെയുണ്ട്. 1959 ലെ കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ പ്രഖ്യാപനവും, 1989 ലെ 'കുട്ടികളുടെ അവകാശത്തെ'പ്പറ്റിയുള്ള കൺവെൻഷനും ഇന്ത്യ അംഗീകരിച്ചിട്ടുള്ളതുമാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് വേണ്ട നിർദ്ദേശങ്ങളും, ശാരീരികവും, മാനസികവും, ലൈംഗികവുമായ പീഡനങ്ങൾ ഒഴിവാക്കാനുള്ള നടപടികളും നിയമങ്ങളിലുണ്ട്. കുട്ടികൾക്കുവേണ്ടി എന്ത് നിയമമുണ്ടാക്കാനും ഭരണഘടനയുടെ പിന്തുണയുണ്ട്. കേന്ദ്രത്തിലും സംസ്ഥാനത്തിലുമൊക്കെ കമ്മിഷനുകളുമുണ്ട്.
എന്നിട്ടും, എന്തുകൊണ്ട് ഷെഫീക്കുമാരും അദിതിമാരും ഉണ്ടാകുന്നു, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിതാവുതന്നെ ബലാത്‌സംഗം ചെയ്യുന്നത് അമ്മമാർ നോക്കിനിൽക്കുന്നു? എന്നിട്ടുമെന്തേ കുട്ടികൾ അച്ഛനമ്മമാരാൽ കൊലചെയ്യപ്പെടുന്നു ? (2011ൽ 66 കുട്ടികളാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ഭൂരിഭാഗവും ആത്മഹത്യ ചെയ്തതല്ലെന്ന് വ്യക്തമാണല്ലോ. അഞ്ചുവയസുള്ള കുട്ടി എങ്ങനെയാണ് ആത്മഹത്യ ചെയ്യുന്നത് ?) .
കേരളത്തിലെ ജനസാന്ദ്രത കൊണ്ട് പല ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഒരു ഗുണം, അടുത്ത വീട്ടിൽ നടക്കുന്ന മിക്കവാറും കാര്യങ്ങൾ നമ്മളറിയുന്നു എന്നതാണ്. അടുത്ത വീട്ടിലെ കുടുംബകാര്യങ്ങളിൽ ഇടപെടാനുള്ള മടി, കുട്ടികളെ സംരക്ഷിക്കാനുള്ള ഗവണ്മെന്റ് സംവിധാനങ്ങളെപ്പറ്റിയുള്ള അജ്ഞത, ഗവണ്മെന്റ് വ്യവസ്ഥിതികളിലുള്ള വിശ്വാസക്കുറവ് ഇതെല്ലാം പ്രതികരിക്കുന്നതിൽ നിന്ന് നമ്മെ പിൻതിരിപ്പിക്കുകയാണ്.
പാശ്ചാത്യരാജ്യങ്ങളിൽ കുട്ടികളോടുള്ള ക്രൂരത, (ശാരീരികം, മാനസികം, ലൈംഗികം) കുട്ടികളോടുള്ള ഉപേക്ഷ, (വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, ഭക്ഷണം നിഷേധിക്കുക, ആരോഗ്യകാര്യത്തിൽ ഉപേക്ഷ, സ്‌കൂളിൽ വിടാതിരിക്കുക) ഇതെല്ലാം ഏറെ ഗുരുതരമായിട്ടാണ് പരിഗണിക്കുന്നത്. എല്ലാ രാജ്യത്തും 'ചൈൽഡ് പ്രൊട്ടക്ഷൻ സർവീസ്' എന്ന ഗവണ്മെന്റ് ഏജൻസിക്ക് വിപുലമായ അവകാശങ്ങളുണ്ട്. കുട്ടികൾ ക്രൂരതയ്‌ക്കോ ഉപേക്ഷയ്‌ക്കോ ഇരയാവുന്നു എന്ന് സംശയം തോന്നിയാൽ കുടുംബങ്ങളിൽ കടന്നു ചെല്ലാനും, കുട്ടിയുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടിവന്നാൽ കുട്ടിയെ കുടുംബത്തിൽനിന്നും മാറ്റി സംരക്ഷണം നൽകാനും വരെ അധികാരമുണ്ട്. ഇവരുടെ സേവനത്തെപ്പറ്റി എല്ലാ കുട്ടികൾക്കും ചെറുപ്രായത്തിലേ മനസിലാക്കിക്കൊടുക്കുന്നു.
കുട്ടികളെ പീഡിപ്പിക്കുന്നതിനെപ്പറ്റി അറിവു ലഭിക്കുന്ന ആയമാർ, അദ്ധ്യാപകർ, ഡോക്ടർമാർ എന്നിവർ ഉടൻ ഈ സംവിധാനത്തെ അറിയിക്കാൻ ബാധ്യസ്ഥരാണ്. ഏതെങ്കിലും കുട്ടിയെ ഉപദ്രവിക്കുന്നതായിട്ടോ ഉപേക്ഷ വിചാരിക്കുന്നതായിട്ടോ സംശയമെങ്കിലും തോന്നിയാൽ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിനെ വിളിച്ചറിയിക്കാനാണ് പൊതുജനത്തെ പഠിപ്പിക്കുന്നത്. വിളിച്ചറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമാക്കി വയ്‌ക്കും.
ആയിരക്കണക്കിന് കുടുംബങ്ങളിൽ ആയിരക്കണക്കിന് അദിതിമാരും ഷെഫീക്കുമാരുമാണ് പീഡനങ്ങൾ അനുഭവിച്ച് ആരോടും പറയാനാവാതെ കരഞ്ഞുറങ്ങുന്നത്. കുട്ടികളുടെ സംരക്ഷണം ശക്തിപ്പെടുത്താൻ ഗവണ്മെന്റ് ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. നല്ല കാര്യമാണ്. എന്നാൽ ഭരണഘടന തൊട്ട് സംസ്ഥാന നിയമങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും, കുട്ടികൾ ഇത്ര ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് സമഗ്രമായ വിശകലനത്തിൽ നിന്നുവേണം പുതിയ സംവിധാനങ്ങൾ ഉണ്ടാക്കിത്തുടങ്ങാൻ.
പെൺകുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങൾക്കായി ശബ്ദമുയർത്തിയതിന്റെ പേരിൽ തീവ്രവാദികളുടെ ആക്രമണത്തിനിരയായ മലാല എന്ന കുട്ടിയുടെ പേരിൽ ഐക്യരാഷ്ട്രസഭ 'മലാല ഡേ' പ്രഖ്യാപിച്ചു. ലോകത്ത് എവിടെയുമുള്ള ആണും പെണ്ണുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ അവകാശ ദിനമായി മലാലയുടെ പിറന്നാൾ ആയ ജൂലൈ 12 കൊണ്ടാടുകയാണ്.
കുട്ടികളോടുള്ള അനീതിയിലേക്ക് ശ്രദ്ധതിരിക്കാൻ അദിതിയുടെ പിറന്നാൾ ദിവസമോ ചരമദിനമോ 'അദിതി ദിവസം' ആയി പ്രഖ്യാപിച്ചു കൂടേ? അന്ന് കേരളത്തിലെ സ്‌കൂളുകളിലും മാദ്ധ്യമങ്ങളിലും ഈ വിഷയത്തെപ്പറ്റി ചർച്ചയും പ്രഭാഷണങ്ങളും നടത്താമല്ലോ. ഇനിയൊരു അദിതി കൂടി ഉണ്ടാവാൻ നാം അനുവദിക്കില്ല എന്നും പ്രതിജ്ഞയെടുക്കാം.