കല്ലമ്പലം : ഉറ്റവരും ഉടയവരും ഉപേക്ഷിച്ചതോടെ സ്വന്തം വിധിയെ പഴിച്ച് മരണം കൊതിച്ചൊരു പ്രവാസി. നാവായിക്കുളം ചിറ്റായിക്കോട് അനിൽ ഭവനിൽ അനില്‍കുമാറിനാണ് (43) ഈ ദുരവസ്ഥ. കുടുംബവുമായുള്ള സന്തോഷകരമായ ജീവിതം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. കെട്ടുറപ്പുള്ള ഒരു വീട്, മക്കൾക്ക് നല്ല വിദ്യാഭ്യാസം തുടങ്ങി എല്ലാവരെയും പോലെ കൊച്ചു കൊച്ചു മോഹങ്ങളുമായി 2012ൽ അനിൽകുമാറും പറന്നു മസ്ക്കറ്റിലേക്ക്. പണി നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്ന് കാൽ വഴുതി താഴേക്ക് നിലം പതിച്ച് അരക്കെട്ട് തകർന്ന അനിൽകുമാർ പിന്നെ ഇന്നേവരെ എഴുന്നേറ്റിട്ടില്ല. ജോലിക്ക് കയറിയിട്ട് വെറും എട്ടുമാസമേ ആയുള്ളൂ എന്ന കാരണത്താൽ യാതൊരുവിധ സഹായങ്ങളും നൽകാതെ പത്ത് ദിവസത്തെ ചികിത്സമാത്രം നൽകി സ്പോൺസർ നാട്ടിലേക്ക് കയറ്റി അയച്ചു. വിദഗ്ധ ചികിത്സ ലഭിച്ചാൽ അനിൽ കുമാറിന് എഴുന്നേറ്റ് നടക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടയിൽ അച്ഛനും അമ്മയും 2 സഹോദരങ്ങളും മരിച്ചു. ഭാര്യയും മക്കളും കുറെനാൾ ശുശ്രൂഷിച്ചെങ്കിലും മടുത്തപ്പോൾ രണ്ട് വർഷത്തിനു മുമ്പ് ഇയാളെ ഉപേക്ഷിച്ചുപോയി.ശേഷിച്ച ഏഴ് സഹോദരങ്ങൾ പല സ്ഥലങ്ങളിലായി ജീവിക്കുന്നു. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന അവർക്കെല്ലാം അനിൽകുമാർ ഒരു ഭാരമാണ്.
ആക്രിക്കടകളിൽ നിന്നും മറ്റും നാട്ടുകാര്‍ പെറുക്കിയെടുത്ത ഷീറ്റുകളും തടികഷ്ണങ്ങളും കൊണ്ട് സ്വന്തമായി വാങ്ങിയ അഞ്ചു സെന്റ് ഭൂമിയിൽ ഒറ്റ മുറി ഷീറ്റിട്ട വീടുണ്ടാക്കിയെങ്കിലും പഞ്ചായത്ത് കിടപ്പ് രോഗിയെ അവഗണിക്കുകയാണ്. പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അനിൽ കുമാറിന് നാട്ടുകാരാണ് വല്ലപ്പോഴും ഭക്ഷണം നൽകുന്നത്.
ഇദ്ദേഹത്തെ സഹായിക്കാൻ കഴിയുന്നവർ ഈ നമ്പറിൽ വിളിക്കുക- 9645800912.
അനില്‍കുമാറിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ കല്ലമ്പലം ശാഖയിൽ അക്കൗണ്ട് ഉണ്ട്.
നമ്പർ: 17340100070854. IFSC : FDRL0001734.