വിതുര: മീനച്ചൂടിന്റെ കാഠിന്യം ശക്തമായതോടെ ഗ്രാമങ്ങൾ ഉരുകി ഒലിക്കുകയാണ്. വേനൽ തുടങ്ങിയപ്പോൾ തന്നെ പല പ്രദേശങ്ങളും വരൾച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും കൂപ്പുകുത്തി. നീരുറവകളും നീർച്ചാലുകളും അപ്രത്യക്ഷമായിട്ട് മാസങ്ങൾ കഴിഞ്ഞു. ഭൂരിഭാഗം കിണറുകളും വറ്റിവരണ്ടു. നദികളിലെ വെള്ളവും അനുദിനം കുറഞ്ഞു. അതി കഠിനമായ ചൂടുകാരണം പല സ്ഥലങ്ങളിലെയും കൃഷിയും നശിക്കാൻ തുടങ്ങി. ബാങ്കുകളിൽ നിന്നും മറ്റും വായ്‌പയെടുത്ത് വാഴക്കൃഷിയും മറ്റും നടത്തിയ കർഷകർ കടക്കെണിയിലാണ്. വേനൽ കാലത്ത് അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി വിതുര തൊളിക്കോട് പഞ്ചായത്തുകളിൽ ആവിഷ്കരിച്ച പദ്ധതികൾ യഥാസമയം നടപ്പിലാക്കാത്തതാണ് എല്ലാവർഷവും വേനൽകാലത്ത് കുടിവെള്ളപ്രശ്നം രൂക്ഷമാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഉപയോഗ ശൂന്യമായ കുളങ്ങളും ജല സംഭരണികളും ജലാശയങ്ങളും സംരക്ഷിച്ചാൽ ഒരു പരിധിവരെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയും. എന്നാൽ പ്രദേശത്തെ മിക്ക കുളങ്ങളും മാലിന്യം കൊണ്ട് നിറഞ്ഞു. ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുമെന്ന് ഇടയ്ക്ക് പ്രഖ്യാപനങ്ങൾ നടത്തുമെങ്കിലും അതൊന്നും നടപ്പിലായിട്ടില്ല. 'ദാഹജലം തരൂ" എന്ന മുദ്രാവാക്യം മുഴക്കി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാ‌ർ.

 കിണറുകളും വറ്രി

രണ്ട് വർഷം മുൻപ് പ്രദേശത്ത് വരൾച്ച ശക്തമായപ്പോൾ നാട്ടുകാർ പണം കൊടുത്ത് വെള്ളം വാങ്ങിയിരുന്നു. അന്ന് പഞ്ചായത്തും റവന്യു വകുപ്പും ടാങ്കറിൽ വെള്ളമെത്തിച്ചിരുന്നു. എന്നാൽ ഇക്കൊല്ലം ജലക്ഷാമം രൂക്ഷമായിട്ടും വെള്ളമെത്തിക്കാനുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കിണറുകൾ വറ്റിനരണ്ടതോടെ സമീപത്തെ ബാക്കി അവശേഷിക്കുന്ന കിണറുകളെ ആശ്രയിച്ച് കഴിയുകയാണ് പലരും. എന്നാൽ ഈ കിണറുകളും എപ്പോൾ വേണമെങ്കിലും ഉറവ വറ്റുമെന്ന അവസ്ഥയിലാണ്.

 ഡാമുകളും വറ്റുന്നു

ഉയർന്ന പ്രദേശങ്ങളിൽ ഒരു മാസത്തിലേറെയായി വെള്ളം കിട്ടിയിട്ട്. ഇവിടെ പൈപ്പ് വെള്ളവും ഇല്ല. ദൂരെ സ്ഥലങ്ങളിൽ നിന്നും ഓട്ടോയിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും വെള്ളമെത്തിച്ചാണ് ഇവിടുത്തുകാർ കഴിയുന്നത്. തലസ്ഥാനത്തേക്ക് വെള്ളമെത്തിക്കുന്ന പേപ്പറ ഡാമിലെ ജല നിരപ്പ് അനുദിനം കുറഞ്ഞുവരികയാണ്. ഈ സ്ഥിതി തുടർന്നാൽ തലസ്ഥാനത്തേക്കുള്ള കുടിവെള്ള വികരണം മുടങ്ങാനും സാധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.

 കല്ലാറും മെലിയുന്നു

കല്ലാർ നദി വറ്റി തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിലുള്ള വീടുകളിലെ കിണറുകളും വറ്റാൻ തുടങ്ങി. എന്നാൽ ജനം കുടിനീരിനായി പരക്കം പായുമ്പോൾ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ഈ സ്ഥിതി തുടർന്നാൽ കുടിവെള്ള വികരണം മുടങ്ങുകയും വാമനപുരം നദിയിലെ പമ്പ് ഹൗസുകളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്യും. ഇടയ്ക്കെങ്കിലും ലോറിയിൽ കുടിവെള്ളമെത്തിച്ചാൽ പ്രശ്നത്തിന് ഒരു പരിധിവരെ ശമനം കിട്ടും.

വേനലിനൊപ്പം ഇലക്ഷൻ ചൂടും കൂടിയതോടെ വോട്ട് അഭ്യർത്ഥിക്കാനെത്തുന്ന സ്ഥാനർത്ഥികളോട് വോട്ടർമാർക്ക് പറയാനുള്ളത് കുടിവെള്ള പ്രശ്നം തന്നെയാണ്. എങ്ങും കൊടും ചൂടും കുടിവെള്ളപ്രശ്നവും തന്നെയാണ് ചർച്ചാ വിഷയം. തങ്ങളെ വിജയിപ്പിച്ചാൽ കുടിവെള്ളം തരമെന്ന സ്ഥാനാർത്ഥികളുടെ വാഗ്ദാനങ്ങൾക്ക് മറുപടിയായി ജനങ്ങൾ പറയുന്നത് ആദ്യം വെള്ളം പിന്നെ വോട്ട് എന്നാണ്.