ഇടുക്കി: അച്ഛൻ മരിച്ചെന്ന യാഥാർത്ഥ്യം തിരിച്ചറിവായി വളരും മുമ്പാണ് അമ്മയുടെ കൂടെ ഒരാൾ കൂടിയത്. അയാൾ ചേട്ടനോ അച്ഛനോ എന്നറിയാത്ത കുരുന്നുകൾ ചേട്ടച്ഛാ.. എന്നു വിളിച്ചു. പക്ഷേ, ആ വിളി അയാൾക്കത്ര പിടിച്ചില്ല.. തൊടുപുഴയിൽ 7 വയസുകാരനോട് അതിക്രൂരമായി പെരുമാറിയ അരുൺ ആനന്ദിന്റെ രംഗപ്രവേശം നാടകീയമായിരുന്നു. തിരശീലയ്ക്ക് പിന്നിൽ ഒളിപ്പിച്ച ഒരു പാട് നിഗൂഢതകളും അരങ്ങിലെ കാപട്യങ്ങളും ഇടകലർത്തിയ നാടകം.
അരങ്ങിലെ ആദ്യ രംഗം 2018 മേയ് 23 നായിരുന്നു. സ്വന്തം അമ്മാവന്റ മകൻ മരിച്ച ദിവസം. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അരുൺ അന്ന് ഏറെ വേദന അഭിനയിച്ചത് അർദ്ധ സഹോദരന്റെ കുട്ടികളുടെ ദയനീയാവസ്ഥയിലായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ കുഞ്ഞുങ്ങളെ കാണാതെ ഉറക്കം വരില്ലെന്നായി. ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു കുട്ടികളോടുള്ള സ്നേഹമെന്ന് ആരും മനസിലാക്കിയില്ല. വളരെ പെട്ടെന്നു തന്നെ അർദ്ധ സഹോദരന്റെ വിധവയ്ക്കും അരുൺ ആനന്ദ് ആശ്വാസമായി. അയാൾ അവൾക്ക് എല്ലാമെല്ലാമായി. ഭർത്താവിന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് മക്കളേയും കൂട്ടി സ്വന്തം നാടായ തൊടുപുഴക്ക് വണ്ടി കയറുമ്പോൾ അരുണിനോട് പറയാൻ ബാക്കി വച്ചതൊക്കെ അവൾ പിന്നീട് മൊ ബൈലിലൂടെ കൈമാറി. അധികം താമസിക്കാതെ ഇരുവരും ഒന്നാവുകയും ചെയ്തു. ഒപ്പം മക്കളുമുണ്ടായിരുന്നു.
പെറ്റമ്മയും അടുത്ത ബന്ധുക്കളും എന്തിനേറെ, അയൽവാസികൾ പോലും അറിയാവുന്ന ഭാഷയിലൊക്കെ പറഞ്ഞ് വിലക്കാൻ ശ്രമിച്ചിട്ടും തടയാനായില്ല. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ വച്ച് നടന്ന ഒരു ഒത്തുതീർപ്പ് ചർച്ചയിൽ അവരുടെ ഇഷ്ടങ്ങൾ അംഗീകരിക്കപ്പെട്ടു. പിന്നീടുള്ള നാളുകൾ കുഞ്ഞുങ്ങൾക്ക് നരകം സമ്മാനിക്കുന്നതായിരുന്നു. ചേട്ടച്ഛൻ എന്ന സംബോധന അരുൺ വിലക്കി. വിലക്ക് ലംഘിച്ചപ്പോൾ കുട്ടികളെ പൊതിരെ തല്ലി. തടസം പിടിക്കുന്ന കാമുകിക്കും തല്ലു കിട്ടി. ചോദ്യം ചെയ്യാനാവാത്ത ക്രൂരതകളാണ് ഇയാൾ നടത്തിയത്.
ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്ന് ക്വട്ടേഷൻ സംഘത്തിലേക്ക്...
സർവീസിൽ ഇരിക്കെ മരണപ്പെട്ട പിതാവിന്റെ അനന്തരാവകാശി എന്ന നിലയിലാണ് അരുൺ ആനന്ദ് ബാങ്ക് ഉദ്യോഗസ്ഥനാകുന്നത്. പിന്നീട് പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. അടുത്ത ഊഴം മണൽ - മയക്കുമരുന്ന് റാക്കറ്റിലേക്കായിരുന്നു. അവിടെ കഴിവ് തെളിയിച്ച് കരിമൂർഖനായി. അതോടെ കോബ്രാ അരുൺ എന്ന അപരനാമത്തിൽ കുപ്രസിദ്ധനായി. ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് ഒരാളെ കൊലപ്പെടുത്തിയതോടെ ഗുണ്ടാസംഘത്തിലെ കരുത്തനായി. പിടിച്ചുപറി, അക്രമം, ക്വട്ടേഷൻ, ഗുണ്ടായിസം അങ്ങനെ തൊഴിൽ രംഗം വലുതായി.
അതോടെ പത്ത് വയസുള്ള മകനുമായി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് വിവാഹബന്ധം വേർപെടുത്തി. അമ്മയുമായി വഴക്കുണ്ടാക്കി കടുംബ സ്വത്തുക്കളിൽ ചിലതൊക്കെ കൈക്കലാക്കി. അതിനിടെ അമ്മാവന്റെ മകൻ മരിച്ചതോടെ അയാളുടെ ബി.ടെക് ബിരുദധാരിയും സുന്ദരിയുമായ ഭാര്യ അരുണിന് സ്വന്തമായി.
അമ്മാവന്റെ മകന്റെ മരണം
തൊടുപുഴയിൽ നല്ല വരുമാനമുള്ള വർക് ഷോപ്പ് ഉടമയായിരുന്നു അയാൾ. അറിയപ്പെടുന്ന തെന്നിന്ത്യൻ സിനിമ പ്രവർത്തകന്റേയും റിട്ട. സ്കൂൾ അദ്ധ്യാപികയുടെയും ഏകമകളായിരുന്നു അയാളുടെ ഭാര്യ. വർക് ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ മാത്രം അകലെയുള്ള ഭാര്യ വീട്ടിലായിരുന്നു അവരുടെ താമസം. മിടുക്കന്മാരായ രണ്ട് ആൺകുട്ടികളും ഭാര്യയും ഭാര്യാമാതാവും അടങ്ങുന്ന സന്തുഷ്ട ജീവിതം. ആവശ്യത്തിന് പണവും കാർ ഉൾപ്പെടെയുള്ള ജീവിത സൗകര്യങ്ങളുണ്ടായിരുന്നു. ഇടയ്ക്ക് സകുടുംബം വിദേശ വിനോദയാത്രകളും ഷോപ്പിംഗുമൊക്കെയായി എല്ലാ അർത്ഥത്തിലും സന്തോഷകരമായ ജീവിതം.
അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം അയാൾക്ക് ചില ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. അന്ന് രാവിലെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സൊസൈറ്റിയിൽ പോയി പാൽ വാങ്ങി വന്നു. കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും നടന്നു. പ്രഭാത ഭക്ഷണം കഴിച്ചു. പിന്നീട് കുറച്ച് കഴിഞ്ഞ് കുഴഞ്ഞു വീണ അയാൾക്ക് പെട്ടെന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. കൂട്ട നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിൽ കാർഡിയാക് അറസ്റ്റാണ്, മരണകാരണമെന്ന് സ്ഥിരീകരിച്ച ശേഷം മൃതദേഹം സ്വദേശമായ തിരുവനന്തപുരത്ത് എത്തിച്ച് സംസ്കരിച്ചു. അന്ന് സ്വഭാവിക മരണമെന്ന നിഗമനത്തിൽ അവസാനിച്ച കാര്യങ്ങൾ ഇന്ന് സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
ഭർത്താവ് മരണപ്പെട്ടശേഷം ആറ് മാസം പോലും തികയും മുമ്പ് ഭാര്യയുടെ തിടുക്കത്തിലുള്ള ഒളിച്ചോട്ടമാണ് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നത്. അരുൺ ആനന്ദിന്റെ ക്രിമിനൽ പശ്ചാത്തലം എല്ലാം നന്നായി അറിഞ്ഞിരുന്നിട്ടും അടുത്ത ബന്ധുക്കളെല്ലാം അരുതെന്ന് ആവർത്തിച്ച് വിലക്കിയിട്ടും ആ ഒളിച്ചോട്ടം എന്തിനായിരുന്നു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പിന്നീട് അയാളുടെ ഉപദ്രവം ഏറ്റുവാങ്ങേണ്ടി വന്നിട്ടും നൊന്തുപെറ്റ മക്കളെ കൺമുമ്പിലിട്ട് ക്രൂരമായി മർദ്ദിക്കുന്നത് കണ്ടിട്ടും എൻജിനീയറിംഗ് ബിരുദധാരിയായ ഒരു യുവതി എന്തിന് അയാളെ സഹിച്ച് കൂടെ നിന്നു എന്നാണ് ആർക്കും മനസിലാകാത്തത്.
വീട്ടിലും വാഹനത്തിലും മാരകായുധങ്ങൾ
വീട്ടിലും വാഹനത്തിലും മാരകായുധങ്ങൾ കരുതിയിരുന്ന അരുണിന് ബാറിൽ പോകണമെങ്കിലും ഡ്രൈവറായി ഒപ്പം കൂടിയത് യുവതിയായിരുന്നു. വൈകുന്നേരങ്ങളിലെ ബാർ സന്ദർശനത്തിൽ പലപ്പോഴും ഒന്നുമറിയാത്ത ആ കുരുന്നുകളും അനുഗമിക്കാൻ വിധിക്കപ്പെട്ടിരുന്നു. ചിലപ്പോൾ ബാറിലെ ജീവനക്കാരുടേയും മറ്റുള്ളവരുടേയും മുമ്പിലിട്ട് അവരെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ഏത് പാതിരാത്രിയിലും തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോകണമെന്ന് അയാൾ ആഗ്രഹിച്ചാൽ കാർ ഡ്രൈവറായി കൂടെ പോകണമായിരുന്നു ആ യുവതിക്ക്. രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ എടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തും. അല്ലെങ്കിൽ ഏഴും മൂന്നര വയസും പ്രായമുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്ത് നിന്ന് മുറി പൂട്ടി പോകുമായിരുന്നു.
ബ്ലാക്ക് മെയിലിംഗ് സാദ്ധ്യത
ഭർത്താവിന്റെ മരണത്തിനു മുമ്പേ യുവതിക്ക് അരുണുമായി ബന്ധമുണ്ടായിരുന്നോ എന്നതാണ് ഇപ്പോൾ എല്ലാവരും തിരക്കുന്ന കാര്യം. അതിനുള്ള ഉത്തരം കിട്ടിയാൽ സംഭവം മറ്റൊരു വഴിത്തിരിവിലാകും. ഒപ്പം അരുണിന്റെ പിതാവിന്റെ മരണകാരണം അന്വേഷിക്കണമെന്ന് പറയുന്നവരുണ്ട്.