തിരുവവനന്തപുരം: സുഹൃത്തിന്റെ അച്ഛന്റെ മദ്യപാനം നിർത്താൻ സുഹൃത്തിനും കൂട്ടുകാർക്കുമൊപ്പം ഹോട്ടലുടമയെ ബിയർ കുപ്പിയ്ക്ക് തലയ്ക്കടിച്ചുകൊന്നതാണ് തൊടുപുഴയിൽ ഏഴുവയസ്സുകാരനെ മർദ്ദിച്ച് മൃതപ്രായനാക്കിയ കേസിൽ പൊലീസ് പിടിയിലായ അരുൺ ആനന്ദിനെതിരെ തലസ്ഥാനത്തുണ്ടായ പ്രമാദമായ കേസ്. സാക്ഷികൾ കൂറുമാറുകയും മതിയായ തെളിവുകളില്ലാതെ പോകുകയും ചെയ്തതിനാൽ അരുൺ ആനന്ദ് ഉൾപ്പെടെ കേസിലെ പ്രതികളെല്ലാം കുറ്റവിമുക്തരായെങ്കിലും അരുണിനെകൊടും ക്രിമിനലാക്കി മാറ്റാൻ ഈ സംഭവത്തിനായി.
എൻജിനീയറിംഗ് പഠനം പൂർത്തിയായതിന് പിന്നാലെയാണ് സഹപാഠിയുടെ പിതാവിനെ നിരന്തരം മദ്യപിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് തലസ്ഥാനത്തെ ഒരു ഹോട്ടലുടമയെ അരുണും സംഘവും ബിയർ കുപ്പിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു മ്യൂസിയം പൊലീസ് ചാർജ് ചെയ്ത കേസ്. ഈ കേസിൽ റിമാൻഡിൽ കഴിയവേ ജയിലിൽ വച്ച് കൂടുതൽ ക്രിമിനലുകളുമായി അടുക്കുകയും അവരുമായുള്ള സൗഹൃദം അരുണിനെ കൊടും ക്രിമിനലാക്കി മാറ്റുകയുമായിരുന്നു.
കൊലക്കേസ് ഉൾപ്പെടെ ഏഴു കേസുകളിൽ പ്രതിയായ ഇയാൾ തലസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്ത് നഗരത്തിലെ പല കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങൾ പറയുന്നു. നഗരത്തിലെ വിവിധ കേസുകളിൽ പ്രതിയായ ഇയാൾ ‘കോബ്ര’യെന്നാണ് അറിയപ്പെട്ടിരുന്നത്.അരുണിന്റെ മാതാപിതാക്കൾ ബാങ്ക് ജീവനക്കാരായിരുന്നു. സഹോദരൻ സൈനികനും. സർവീസിൽ ഇരിക്കവേ അച്ഛൻ മരണപ്പെട്ടു. തുടർന്ന് ആശ്രിതനിയമനത്തിൽ ഒരു വർഷം ആലുവയിൽ ജോലി ചെയ്തു. ഇത് ഉപേക്ഷിച്ച് നാട്ടിലെത്തിയ അരുൺ നഗരത്തിലെ ഗുണ്ടാത്തലവനുമായി ചേർന്ന് മണൽ കടത്ത് തുടങ്ങി. പണത്തിനായി ലഹരി കടത്തിലും ഇയാൾ പങ്കാളിയായി.
നഗരത്തിലെ നാലു പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. മദ്യത്തിന്റെയും ലഹരിയുടെയും ബലത്തിൽ എന്തും കാണിക്കുന്ന പ്രകൃതമായിരുന്നു അരുണിന്റേത്. സ്ത്രീകളോടും കുട്ടികളോടും മൃഗീയമായി പെരുമാറും . മ്യൂസിയം സ്റ്റേഷനിൽ മൂന്ന് ക്രിമിനൽ കേസുകളും ഫോർട്ടിൽ രണ്ടും വലിയതുറയിൽ ഒന്നും വിഴിഞ്ഞം സ്റ്റേഷനിലും കേസുകൾ ഉണ്ട്.വധശ്രമം, അടിപിടി, പണം തട്ടൽ, ഭീഷണി തുടങ്ങിയവ ‘ഹോബി’ ആക്കി മാറ്റിയ അരുൺ ശത്രുത തോന്നുന്നവരെ ക്രൂരമായി ആക്രമിക്കുന്ന സ്വഭാവക്കാരനാണ് ഇയാൾ.