sexual-abuse

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ കണ്ടക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത് സ്ഥാപനത്തിലെ ഒരു യൂണിയൻ ഇടപെട്ട് ഒതുക്കി തീർത്തുവെന്ന വിവരം പുറത്തുവന്നു. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബസിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കണ്ടക്ടറുടെ സീറ്റിനരികിൽ ഇരുന്ന യുവതിയെയാണ് കണ്ടക്ടർ കം ഡ്രൈവർ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ യുവതിയെയും വീട്ടുകാരെയും ഒരു ഭരണകക്ഷി യൂണിയനിലെ നേതാക്കൾ ഇടപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ബസ് ചാലക്കുടി ഭാഗത്ത് എത്തിയപ്പോഴാണ് ജീവനക്കാരൻ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ യുവതി വീട്ടുകാരെ വിവരം അറിയിച്ചു. ഇതറിഞ്ഞെത്തിയ ഭർത്താവുൾപ്പെടെയുള്ളവർ ബസിനെ പിന്തുടർന്ന് എറണാകുളത്ത് എത്തി. യുവതിയുടെ ബന്ധുക്കളെ കണ്ടതോടെ ജീവനക്കാരൻ ബസിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

ബസിൽ വച്ച് കന്യാസ്ത്രീയ പീഡിപ്പിച്ച സംഭവത്തിൽ ഈ കണ്ടക്ടർക്കെതിരെ കേസുണ്ട്. ശിക്ഷാനടപടിയെന്നോണം ഒരു വർഷം മുമ്പ് ഇയാളെ തൃശൂർ ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.