ഗാങ്ടോക്: അങ്ങനെയൊന്നും താൻ തോറ്റ് പിന്മാറില്ലെന്ന മട്ടിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്ടൻ ബൈചിംഗ് ബൂട്ടിയ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനായ ബൂട്ടിയയ്ക്ക് പക്ഷേ, രാഷ്ട്രീയത്തിൽ ഇതേവരെ കാര്യമായി ശോഭിക്കാനായിട്ടില്ല. എന്നാൽ, വിട്ടുകൊടുക്കാനില്ലെന്ന മട്ടിൽ സ്പോർട്സ്‌മാൻ സ്പിരിറ്റോടെ ഇക്കുറിയും കളം നിറഞ്ഞിരിക്കുകയാണ് ബൂട്ടിയ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന്റെ ടിക്കറ്റിൽ മത്സരിച്ചു തോറ്റ ബൂട്ടിയ ഇത്തവണ സ്വന്തമായൊരു പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനുള്ള പുറപ്പാടിലാണ്. താൻ രൂപീകരിച്ച 'ഹമാരോ സിക്കിം' പാർട്ടിയിലൂടെയാണ് ജന്മനാടായ സിക്കിമിൽ ബൂട്ടിയ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ എസ്.എസ്. അലുവാലിയയോട് വമ്പിച്ച തോൽവിയാണ് ബൂട്ടിയയ്ക്ക് നേരിടേണ്ടി വന്നത്. രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ. 2016ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞടുപ്പിലും തൃണമൂൽ സ്ഥാനാർത്ഥിയായിരുന്ന ബൂട്ടിയ പരാജയപ്പെട്ടിരുന്നു.
എന്നാൽ, ഇത്തവണ സിക്കിമിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാടുകയാണ് ബൂട്ടിയ. സാർവത്രിക അടിസ്ഥാന വരുമാനം എല്ലാവർക്കും ഉറപ്പുവരുത്തുമെന്നാണ് ബൂട്ടിയയുടെ നേതൃത്വത്തിലുള്ള ഹമാരോ സിക്കിം പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. അഞ്ചംഗ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും പ്രതിമാസം 1,500 രൂപ വീതം നിൽകുമെന്ന വാഗ്ദാനമാണ് മുന്നോട്ടുവയ്ക്കുന്നത്. ജോലിയ്ക്കു പോയിട്ടും മതിയായ വേതനം ലഭിക്കാതെ കുടുംബം പുലർത്താൻ നെട്ടോട്ടമോടുന്നവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും ഇതിനായുള്ള വിഹിതം ബഡ്ജറ്റിൽ വകയിരുത്തുമെന്നുമാണ് ബൂട്ടിയ പറയുന്നത്.
ഹമാരോ സിക്കിം പാർട്ടിയ്ക്ക് ഫണ്ട് കണ്ടെത്താൻ തന്റെ ജഴ്സികൾ ബൂട്ടിയ ലേലം ചെയ്തിരുന്നു. പ്രശസ്ത ഫുട്ബോൾ താരം സിനദിൻ സിദാൻ അടക്കമുള്ളവരുടെ കൈയൊപ്പുള്ള ജഴ്സികളാണ് ലേലം ചെയ്തത്.
നാല്പത്തിരണ്ടുകാരനായ ബൂട്ടിയ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തൃണമൂൽ കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിക്കുന്നത്. അഴിമതി, ദാരിദ്രയം, തൊഴിലില്ലായ്മ എന്നിവ തുടച്ചു നീക്കുന്നതിനുള്ള കർമപദ്ധതികളാണ് ബൂട്ടിയ ആവിഷ്‌കരിക്കുന്നത്. ഈ മാസം 11നാണ് സിക്കിമിൽ നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടക്കുന്നത്.
നിയമസഭാ സീറ്റുകളിലേക്ക് 24 സ്ഥാനാർത്ഥികളെയും ഏക ലോക്‌സഭ സീറ്റിലേക്ക് സ്ഥാനാർത്ഥിയായി പാർട്ടി വക്താവ് ബിരാജ് അധികാരിയെയും ബൂട്ടിയ പ്രഖ്യാപിച്ചു. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പിൽ ഗാങ്ടോക്, ടുമിൻ - ലിൻഗീ മണ്ഡലങ്ങളിൽ നിന്നുമാണ് ബൂട്ടിയ മത്സരിക്കുക.