ദക്ഷിണേന്ത്യയുടെ സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നൽകിയ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ സ്മരണകൾ നിലനിറുത്താൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗുരുവിന്റെ പേരിടുന്നത് തികച്ചും ഉചിതമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഗുരുദേവൻ ദക്ഷിണേന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിലെ സാമൂഹ്യ അസമത്വങ്ങൾക്കെതിരെ പ്രതികരിച്ച് നവോത്ഥാന ചിന്തകളുടെ ഉപജ്ഞാതാവും പ്രചാരകനുമായി മാറുകയായിരുന്നു. ആത്മീയഗുരു, സാമൂഹ്യ പരിഷ്കർത്താവ്, ജാതീയതയ്ക്കെതിരെ പോരാടിയ മഹാത്മാവ്, വിദ്യാഭ്യാസ പുരോഗതിയിൽ ഊന്നിനിന്ന ദർശനികൻ എന്നീ നിലകളിൽ രാജ്യത്തെ ജനങ്ങളുടെ മനസിൽ ഇന്നും അദ്ദേഹം നിലകൊള്ളുന്നു.
ക്ഷേത്രങ്ങൾ പള്ളിക്കൂടങ്ങളായി മാറണമെന്ന ഉദ്‌ബോധനം ഉൾപ്പെടെ കേരളത്തെ മാറ്റിമറിച്ച ശ്രീനാരായണ ഗുരുദേവന്റെ പേര് ലോകമെമ്പാടും അറിയപ്പെടുക തന്നെ വേണം. ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിച്ച് കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച ഗുരുദേവൻ എക്കാലവും ആദരിക്കപ്പെടുന്നതിനു വേണ്ടി നെടുമ്പാശേരി വിമാനത്താവളം ഗുരുവിന്റെ പേരിൽ അറിയപ്പെടട്ടെ. ഈ വിഷയത്തിൽ വേണ്ടത് ചെയ്യാനുള്ള സമയം സമാഗതമായിരിക്കുന്നു.
വി.എസ്. ബാലകൃഷ്ണപിള്ള
മണക്കാട്, തൊടുപുഴ